
ഷിബു വർഗീസ് കൊച്ചുമഠം
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെയും (GSC) സെന്റ് മേരീസ് ക്നാനായ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ “ഫലപ്രദമായ ആശയവിനിമയം” (Building Effective Communication) എന്ന വിഷയത്തിൽ ക്ളാസ് നടത്തി.
ബെൻസലേം സെന്റ് ഗ്രിഗോറിയോസ് ചർച്ച് മിനിസ്റ്ററും, പ്രശസ്ത ഫാമിലി കൗൺസിലറും, തിയോളജിക്കൽ ബിരുദധാരിയുമായ സീന മാത്യുവാണ് ക്ളാസ് നയിച്ചത്.
ഫിലഡൽഫിയ ബൈബറി റോഡിലെ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടന്ന ചടങ്ങ് ഇടവക വികാരി ഫാ. റെന്നി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഫാ. ചാക്കോ പുന്നൂസ് അധ്യക്ഷത വഹിച്ചു.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകൾ പരിഹരിക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ സീന മാത്യു ക്ലാസ്സിൽ പങ്കുവെച്ചു.
രാവിലെ 11:30-ന് ആരംഭിച്ച ക്ലാസ്, പങ്കെടുത്തവരുടെ സജീവമായ ഇടപെടലുകൾ കാരണം ഉച്ചയ്ക്ക് 1:30 വരെ നീണ്ടുനിന്നു. 50 പേരെ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് വലിയ ജനപങ്കാളിത്തം ഉണ്ടായത് വിഷയത്തിന്റെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു. ആധുനിക കാലഘട്ടത്തിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ആശയവിനിമയത്തിന്റെ പ്രാധാന്യം ക്ലാസ്സിൽ വിശദീകരിച്ചു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകിക്കൊണ്ട് നടന്ന സംവാദം പരിപാടിയെ കൂടുതൽ വിജ്ഞാനപ്രദമാക്കി.
ഇടവക സെക്രട്ടറി റെന്നി ഇരണക്കൽ സ്വാഗതവും, ജോസ് സക്കറിയ നന്ദിയും രേഖപ്പെടുത്തി. ട്രസ്റ്റി ലിജു എബ്രഹാം പരിപാടികളുടെ ഏകോപനത്തെക്കുറിച്ച് വിശദീകരിച്ചു.
ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ബിജു എബ്രഹാം, സജി സക്കറിയ, വർഗ്ഗീസ് ജോൺ, അനിൽ ബാബു, റെജിമോൻ മാത്യു, ജെയിംസ് പീറ്റർ, ആനി സക്കറിയ, സുനിത എബ്രഹാം, സിനി വർഗ്ഗീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സുബി ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി വിഭാഗം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവർക്കും രാവിലെ 11 മണിക്ക് ചായയും പലഹാരങ്ങളും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഇടവകയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരുന്നു.
കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും പരസ്പര ധാരണ വളർത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ അത്യാവശ്യമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജി.എസ്.സി ഭാരവാഹികളും സെന്റ് മേരീസ് ക്നാനായ പള്ളി അധികൃതരും പരിപാടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും സമാനമായ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
communication Class led by Seena Mathew enthused the audience in Philadelphia
















