
കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. റോയ് സി.ജെയുടെ അകാല വിയോഗം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്നായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ മാതൃകകൾ സൃഷ്ടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ബിസിനസ്സിൽ അദ്ദേഹം പുലർത്തിയ വേറിട്ട പാതകൾ പുതുതലമുറയെ ശ്രദ്ധയോടെ വഴിനടക്കാൻ പ്രേരിപ്പിക്കുന്നതും. റിയൽ എസ്റ്റേറ്റ് മേഖലയിൽ സാധാരണയായി കണ്ടുവരുന്ന വൻതോതിലുള്ള ബാങ്ക് വായ്പകളെ ആശ്രയിക്കാതെ, സ്വന്തം മൂലധനം ഉപയോഗിച്ച് ആയി അദ്ദേഹം സ്വന്തം സ്ഥാപനത്തെ വളർത്തി.
റിയൽ എസ്റ്റേറ്റിൽ മാത്രം ഒതുങ്ങാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, വിനോദം (സിനിമ), വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഭിന്നശേഷിക്കാരുടെ ക്ഷേമം തുടങ്ങിയവയിലും ശ്രദ്ധയൂന്നിയ മനുഷ്യസ്‌നേഹിയായിരുന്നു ഇന്നലെ സ്വയം നിറയൊഴിച്ച് ഇല്ലാതായത്. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളം പോലുള്ള ജനപ്രിയ ഷോകളുടെ സ്പോൺസറായും, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിൻ്റെ ടൈറ്റിൽ സ്പോൺസറായും അദ്ദേഹം തൻ്റെ ബ്രാൻഡിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി. പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട നൂറോളം പേർക്ക് വീട് നിർമ്മിച്ചു നൽകിയും, വിദ്യാർത്ഥികൾക്ക് കോടിക്കണക്കിന് രൂപയുടെ സ്കോളർഷിപ്പുകൾ നൽകിയും അദ്ദേഹം മാതൃകയായി. 100ലേറെ ഹൃദയശസ്ത്രക്രിയകള്‍ക്കും അദ്ദേഹം സഹായം നല്‍കി. കാന്‍സര്‍ രോഗികള്‍ക്ക് ഉള്‍പ്പെടെയും സഹായം നല്‍കുന്നു.

തൃശ്ശൂരിലെ ചാവക്കാട് സ്വദേശിയായ അദ്ദേഹം ജനിച്ചതും വളർന്നതും ബംഗളൂരുവിലായിരുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം, സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് എസ്.ബി.എസ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. ബിസിനസ്സിലേക്ക് കടക്കുന്നതിന് മുൻപ് ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ് പാക്കാർഡിൽ (HP) പ്ലാനിങ് മാനേജറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2005-ൽ ആറ് പങ്കാളികളുമായി ചേർന്നാണ് അദ്ദേഹം കോൺഫിഡൻ്റ് ഗ്രൂപ്പിന് തുടക്കമിട്ടത്. ബാങ്ക് വായ്പകളെ ആശ്രയിക്കാതെ കമ്പനിയെ വളർത്തിയ അദ്ദേഹത്തിൻ്റെ ‘സീറോ ഡെബ്റ്റ്’ മാതൃക റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ ചർച്ചയായിരുന്നു. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കോട്ടയം, ബാംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിലായി 200-ലധികം പ്രോജക്റ്റുകൾ അദ്ദേഹം പൂർത്തിയാക്കി.

ബെംഗളൂരുവില്‍ 3,000 കോടിയുടെ സയണ്‍ ഹില്‍സ് ഗോള്‍ഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്. പറഞ്ഞുറപ്പിച്ച സമയത്തിനകം കൈമാറാത്ത ഒരു റസിഡന്‍ഷ്യല്‍ പദ്ധതിപോലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനില്ലെന്നും അതാണ് ഗ്രൂപ്പിനെ മറ്റ് കമ്പനികളില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച ‘ഡോട്ട്.കോം’ പ്രതിസന്ധിയുടെ കാലത്തും കടരഹിത ബിസിനസിലൂടെ മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പിനു സാധിച്ചിരുന്നു.
കോണ്‍ഫിഡന്റ് റസിഡന്‍ഷ്യല്‍ പദ്ധതിക്ക് കീഴില്‍ വരുന്നത് ലൈഫ്‌സ്‌റ്റൈല്‍ പ്ലസ്, കോണ്‍ഫി ലക്‌സ്, സ്‌മൈല്‍ ഹോംസ് എന്നിവയാണ്. കോണ്‍ഫിഡന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരിലാണ് വിനോദരംഗത്തെ സാന്നിധ്യം. ഹോസ്പിറ്റിലാറ്റി ബിസിനസുകള്‍ കോണ്‍ഫിഡന്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് കീഴിലും.

ഡോ.റോയ് ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത് മോഹന്‍ലാല്‍ നായകനായ ‘കാസനോവ’ എന്ന ചിത്രത്തിലൂടെ 2012ലാണ്. മലയാളത്തിലും മറ്റുഭാഷകളിലുമായി ഒട്ടേറെ സിനിമകളില്‍ മുദ്രപതിപ്പിച്ചു. ഒട്ടേറെ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെയും നിര്‍മാണരംഗത്ത് ഡോ.റോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാഹനപ്രേമി കൂടിയായ ഡോ.റോയിയുടെ ഗാരിജില്‍ റോള്‍സ്-റോയ്‌സ് അടക്കം ഒട്ടേറെ ആഡംബര വാഹനങ്ങളുണ്ട്. വിന്റേജ് വാഹനങ്ങളും ഇവിടെ ഇടംപിടിച്ചിട്ടുണ്ട്. തൻ്റെ ആദ്യ കാറായ മാരുതി 800 കണ്ടുപിടിക്കുന്നവര്‍ക്ക് അദ്ദേഹം 10 ലക്ഷം രൂപ ഓഫര്‍ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ജീവിതത്തിലെ ആദ്യ കാര്‍ എല്ലാവര്‍ക്കും സ്‌പെഷലാണെന്നാണ് അന്ന് ഡോ. റോയ് പ്രതികരിച്ചത്. 1994ല്‍ 25-ാം വയസ്സില്‍ കയ്യിലെ സമ്പാദ്യംവച്ച് വാങ്ങിയ ആ കാര്‍. 1997ല്‍ വില്‍ക്കുകയായിരുന്നു. ആരും കൊതിച്ചു പോകുന്ന ജീവിതമായിരുന്നു ദുബായില്‍ അദ്ദേഹത്തിന്റേത്. ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബം എമിറേറ്റ്‌സ് ഹില്‍സിലെ അത്യാഡംബര വില്ലയിലായിരുന്നു താമസം.
ജീവിതം ആഘോഷിക്കണമെന്നും എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണണമെന്നും റോയ് എപ്പോഴും ഉപദേശിച്ചിരുന്നു. മനസ്സില്‍ ചെറുപ്പം നിലനിര്‍ത്താനും പൊതുവേദികളില്‍ സൂപ്പര്‍ ആക്ഷന്‍ സിനിമയിലെ നായകനെ പോലെ കടന്നു വന്ന് ആളുകളെ ഹരം കൊള്ളിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

Confident group head Dr. Roy’s Life.














