
ന്യൂഡൽഹി: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ അമേരിക്കകൂടി ചേർന്നതോടെ ലോകരാജ്യങ്ങളുടെ ആശങ്ക വർധിപ്പിച്ച് പോരാട്ടം കടുക്കുന്നു. ദുബായ്, അബുദാബി, ദോഹ ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായും ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതായും പുതിയ റിപ്പോർട്ടുകൾ വരുന്നു.
തിങ്കളാഴ്ച രാവിലെ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഖത്തർ തലസ്ഥാനമായ ദോഹയിൽ മിസൈലുകൾ ആകാശത്തുവെച്ച് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദുബായിൽ വിമാനങ്ങൾ താഴ്ന്നുപറക്കുന്ന ശബ്ദവും സ്ഫോടനശബ്ദങ്ങളും കേട്ടതായാണ് വിവരം.
കുവൈറ്റിലെ അൽ ജഹ്‌റയ്ക്ക് സമീപം ഒരു യുദ്ധവിമാനം തകർന്നു വീണു. പൈലറ്റ് പാരഷൂട്ട് വഴി രക്ഷപെടുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. കുവൈറ്റിലെ എണ്ണ ശുദ്ധീകരണ ശാലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും യുഎസ് എംബസിക്ക് സമീപം പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ശത്രു ഡ്രോണുകളെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. ബഹ്റൈനിൽ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിൻ്റെ ആശങ്കയിലാണ് പ്രവാസികളടക്കമുള്ള താമസക്കാർ.
അതേസമയം, ഇറാൻ്റെ പരമോന്നത നേതാവിനെ വധിച്ചതിന് ‘പ്രതികാരമായി’ ഹൈഫയ്ക്ക് തെക്കുള്ള ഇസ്രായേൽ സൈനിക താവളത്തിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി ഹിസ്ബുള്ള അറിയിച്ചു. ഇതിന് പിന്നാലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ രാത്രിയിൽ രൂക്ഷമായ ആക്രമണങ്ങൾ നടന്നു. ലെബനനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ തങ്ങൾ തടഞ്ഞതായും മറ്റുള്ളവ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ പതിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.”
ലെബനൻ്റെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുകയാണ്. മുതിർന്ന ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ ലെബനനിലെ 52 ഇടങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദ്ദേശിച്ചിട്ടുണ്ട്.
Conflict is spreading; The Gulf region, which has a large expatriate population, is in deep concern, with explosions heard in cities including Dubai, Abu Dhabi, and Doha,














