”ഉഷ 50 ഡോളറിൻ്റെ വസ്ത്രം വാങ്ങിയത് വെറും 8.75 ഡോളറിനാണ്, അമേരിക്കേ, നിങ്ങളുടെ അടുത്ത ഫെഡറൽ ബജറ്റ് ഡയറക്ടറെ പരിചയപ്പെട്ടോളൂ” എന്ന് ജെഡി വാൻസ്, ചർച്ചകൾക്ക് ചുട്ട മറുപടി

വാഷിംഗ്ടൺ: അമേരിക്കൻ സെക്കൻഡ് ലേഡി ഉഷാ വാൻസ് ധരിച്ച വിലകുറഞ്ഞ മെറ്റേണിറ്റി വസ്ത്രത്തെച്ചൊല്ലിയുള്ള ഓൺലൈൻ ചർച്ചകൾ യുഎസിൽ പുതിയ രാഷ്ട്രീയ തമാശകൾക്ക് വഴിയൊരുക്കുന്നു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഫാഷൻ അവലോകനത്തിന് ഉഷാ വാൻസ് നൽകിയ മറുപടിയും, അതിന് പിന്നാലെ ഭർത്താവും യുഎസ് വൈസ് പ്രസിഡൻ്റുമായ ജെഡി വാൻസ് പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

“അവൾ 50 ഡോളറിൻ്റെ വസ്ത്രം വാങ്ങിയത് വെറും 8.75 ഡോളറിനാണ്. അമേരിക്കേ, നിങ്ങളുടെ അടുത്ത ഫെഡറൽ ബജറ്റ് ഡയറക്ടറെ പരിചയപ്പെട്ടോളൂ,” എന്നാണ് ജെഡി വാൻസ് എക്സിൽ കുറിച്ചത്.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭരണകൂടത്തിലെ ഗർഭിണികളായ സ്ത്രീകളുടെയും പുതിയ അമ്മമാരുടെയും വസ്ത്രധാരണത്തെയും പൊതുവേദികളിലെ സാന്നിധ്യത്തെയും കുറിച്ച് ന്യൂയോർക്ക് ടൈംസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഉഷാ വാൻസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, സ്റ്റീഫൻ മില്ലറുടെ ഭാര്യ കാറ്റി മില്ലർ എന്നിവരെക്കുറിച്ചായിരുന്നു ലേഖനം. ‘സ്റ്റോറിടൈം വിത്ത് ദി സെക്കൻഡ് ലേഡി’ എന്ന യൂട്യൂബ് പരിപാടിയിൽ ഉഷാ വാൻസ് ധരിച്ച ഓൾഡ് നേവിയുടെ കോറൽ മെറ്റേണിറ്റി വസ്ത്രത്തെ ഫാഷൻ നിരൂപകയായ വനേസ ഫ്രീഡ്മാൻ വിശകലനം ചെയ്തിരുന്നു. ഭരണകൂടത്തിൻ്റെ കുടുംബ-പ്രസവ നയങ്ങളുടെ രാഷ്ട്രീയ സന്ദേശമാണ് ഈ വസ്ത്രധാരണത്തിന് പിന്നിലെന്നായിരുന്നു ലേഖനത്തിലെ സൂചന.

ഈ രാഷ്ട്രീയ വ്യാഖ്യാനത്തെ പരിഹസിച്ചുകൊണ്ട് ഉഷാ വാൻസ് രംഗത്തെത്തി. “എൻ്റെ 8.75 ഡോളറിൻ്റെ വസ്ത്രത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യം ഇപ്പോൾ മനസ്സിലായി. ഇനി എൻ്റെ ഇലാസ്റ്റിക് പാൻ്റുകളെയും കംപ്രഷൻ സോക്സുകളെയും കുറിച്ച് ന്യൂയോർക്ക് ടൈംസിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കാത്തിരിക്കുന്നു,” എന്ന് ഉഷാ വാൻസ് കുറിച്ചു. കൂടാതെ, യഥാർത്ഥത്തിൽ 49.99 ഡോളർ വിലയുള്ള വസ്ത്രം ഡിസ്കൗണ്ടുകളിലൂടെ 8.75 ഡോളറിന് വാങ്ങിയതിൻ്റെ ബിൽ സഹിതമാണ് അവർ പോസ്റ്റ് ചെയ്തത്.

തുക ചുരുക്കി മനോഹരമായ വസ്ത്രം തിരഞ്ഞെടുത്ത സെക്കൻഡ് ലേഡിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. അമേരിക്കൻ സർക്കാരിനെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാൻ ഉഷയ്ക്ക് കഴിയുമെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Controversy over Usha Vance’s dress code; Usha silences media by saying there is no politics in discount dresses, Vance says she could be made budget director

More Stories from this section

family-dental
witywide