
അങ്കാറ: ഇറാന്റെ വ്യോമയാന മേഖല ലക്ഷ്യമിട്ടുള്ള പുതിയ അമേരിക്കൻ ഉപരോധങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, വിവിധ രാജ്യങ്ങൾ ഇറാനിയൻ എയർലൈൻസിന്റെ വിമാന സർവീസുകൾ തങ്ങളുടെ വിമാനത്താവളങ്ങളിലേക്ക് നിരോധിച്ചുതുടങ്ങി. സെപ്റ്റംബർ 23 മുതൽ ഇറാനിയൻ വിമാനങ്ങൾക്ക് ആഗോളതലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു.
പുതിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ജോർജിയ ഇറാനിയൻ വിമാനങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. അങ്കാറയുടെ അഭ്യർത്ഥനയെത്തുടർന്ന് ഇറാന്റെ മഹാൻ എയർ തുർക്കിയിലേക്കുള്ള സർവീസുകളും നിർത്തിവച്ചു. യുഎസ് ഉപരോധം ചൂണ്ടിക്കാട്ടി അസർബൈജാനും ഇറാനിയൻ വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ബുധനാഴ്ച മുതൽ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഇറാനിയൻ വിമാന സർവീസുകൾ നിർത്തിവെക്കാൻ ഇറാഖ് ഉത്തരവിട്ടതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ശിയാ തീർത്ഥാടന കേന്ദ്രമായ നജാഫ് അടക്കമുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ സാധാരണ പോലെ തുടരുന്ന കാര്യം ഇറാഖി അധികൃതർ പരിഗണിച്ചുവരികയാണ്. ഇറാനിലേക്കുള്ള വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചിട്ടില്ലെന്നും, നജാഫ് ഉൾപ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ തുടരുമെന്നും ഇറാഖ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് മജീദ് അഖ്വാൻ വ്യക്തമാക്കി.
ബുധനാഴ്ച മുതൽ ബാഗ്ദാദിലേക്കും ഒമാനിലെ മസ്കറ്റിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയതായി ഇറാന്റെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു. അതേസമയം ഇസ്താംബൂൾ അടക്കമുള്ള മറ്റ് അന്താരാഷ്ട്ര സർവീസുകൾ സമയക്രമം അനുസരിച്ച് തുടരുമെന്നും അധികൃതർ അറിയിച്ചു. ഒമാൻ വിമാനത്താവളത്തിലേക്ക് ഇറാനിയൻ യാത്രക്കാരെ പ്രവേശിപ്പിക്കുന്നില്ലെന്നും, ഇത് സംബന്ധമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.















