
ഒറിഗോൺ: വ്യാഴാഴ്ച, ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ ഫെഡറൽ ഏജൻ്റുമാർ ഉൾപ്പെട്ട വെടിവയ്പ്പിൽ ഒരു പുരുഷനും സ്ത്രീക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ദമ്പതികളാണെന്ന് പ്രാദേശിക കൗൺസിലർ അറിയിച്ചു. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമല്ലെങ്കിലും അവർ ജീവനോടെയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻ്റുമാർ നടത്തിയ വെടിവയ്പ്പിലാണ് ഇവർക്ക് പരിക്കേറ്റത്. നോർത്ത് ഈസ്റ്റ് പോർട്ട്‌ലാൻഡിലെ ഹേസൽവുഡ് പരിസരത്താണ് വെടിവയ്പ്പ് നടന്നത്.
വെടിയേറ്റ ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് വാഹനത്തിൽ രക്ഷപ്പെട്ടു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, വെടിവയ്പ്പ് നടന്ന സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് മൈൽ അകലെയുള്ള നോർത്ത് ഈസ്റ്റ് 146-ാം അവന്യൂവിലും ഈസ്റ്റ് ബേൺസൈഡ് സ്ട്രീറ്റിലും സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരാൾ വിളിച്ചതിനെത്തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.
‘ട്രെൻ ഡി അരാഗ്വ’ എന്ന ഗുണ്ടാസംഘവുമായി ബന്ധമുള്ളവരെ ലക്ഷ്യമിട്ട് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഏജൻ്റുമാരെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. പോർട്ട്‌ലാൻഡ് പൊലീസ് വെടിവയ്പ്പിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അന്വേഷണത്തിന് സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, തലേദിവസം മിനിയാപൊളിസിൽ നടന്ന സമാനമായ ഒരു വെടിവയ്പ്പിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത് എന്നത് പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
Couple shot by federal agent in Portland during vehicle checking














