
മേരിലാൻഡ്: എഴുപതാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവിൽ, വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികരായ ദമ്പതികൾ കൈകൾ കോർത്തുപിടിച്ച് മരണത്തിന് കീഴടങ്ങി. അമേരിക്കയിലെ മേരിലാൻഡ് സ്വദേശികളായ കെന്നത്ത് ഓലൻഡ് (90), ഭാര്യ മെരിലിൻ ഓലൻഡ് (88) എന്നിവരാണ് പ്രിയപ്പെട്ടവരുടെ വിങ്ങലായി വിടവാങ്ങിയത്. ‘അവർ ഓരോ ദിവസവും പരസ്പരം തിരഞ്ഞെടുത്ത് ജീവിച്ചവർ’ എന്നാണ് ഇവരെക്കുറിച്ച് പ്രിയപ്പെട്ടവർ ഓർമ്മിക്കുന്നത്.
ഫെബ്രുവരി 24-ന് മേരിലാൻഡിലെ ഫ്രെഡറിക് കൗണ്ടിയിൽ വെച്ചായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കെന്നത്ത് ഓലൻഡ് ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ബാൾട്ടിമോറിലെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ആറ് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞെങ്കിലും നില മെച്ചപ്പെട്ടില്ല. തുടർന്ന് മാർച്ച് 2-ന് ഇരുവരെയും ലൈഫ് സപ്പോർട്ട് സിസ്റ്റത്തിൽ നിന്നും മാറ്റി. മരണസമയത്ത് ആശുപത്രി അധികൃതർ ഇരുവരുടെയും കിടക്കകൾ അടുത്തടുത്തായി ഇട്ടുകൊടുത്തു. പരസ്പരം കൈകൾ മുറുക്കെ പിടിച്ചുകൊണ്ട് ആ ദമ്പതികൾ ഈ ലോകത്തോടും യാത്രപറഞ്ഞു. വാരിയെല്ലിനേറ്റ ഒടിവും ശ്വാസകോശ സംബന്ധമായ തകരാറുകളുമാണ് ഇവരുടെ മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അങ്ങനെ തങ്ങളുടെ ജീവിതകാലം മുഴുവൻ സ്നേഹത്തോടെ ഒന്നിച്ചു ജീവിച്ച അവർ മരണത്തിലും വേർപിരിയാതെ യാത്രയായി.
1955-ലായിരുന്നു ഇവരുടെ വിവാഹം. 1963 മുതൽ ഇവർ മേരിലാൻഡിലെ തേർമോണ്ടിലായിരുന്നു താമസം. നാട്ടുകാർക്കും പ്രിയങ്കരരായിരുന്നു ഈ ദമ്പതികൾ. തേർമോണ്ട് സീനിയർ സെൻ്ററിലെ സ്ഥിരം സന്ദർശകരായിരുന്ന ഇവർ അവിടെ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അവർ എപ്പോഴും ഒരുമിച്ചായിരുന്നു കാണപ്പെട്ടിരുന്നതെന്ന് സീനിയർ സെൻ്റർ അധികൃതർ അനുസ്മരിച്ചു.
മൂന്ന് മക്കളും അഞ്ച് പേരക്കുട്ടികളും ആറ് കൊച്ചുപേരക്കുട്ടികളുമുണ്ട് ഈ ദമ്പതികൾക്ക്.
Couple who lived together for 70 years died holding hands















