സിപിഎം – ബിജെപി ധാരണ പാലക്കാട് മാത്രമല്ല, തിരഞ്ഞെടുപ്പ് തീയതിയിലും ദുരൂഹത”: കെ.സി. വേണുഗോപാൽ

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വരും ദിവസങ്ങളിൽ ഈ കൂട്ടുകെട്ട് കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ പോലും ഇത്തരമൊരു ‘ഡീൽ’ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികളിൽ ദുരൂഹതയുണ്ടെന്ന തൻ്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.

കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയം വൈകിയിട്ടില്ലെന്ന് വ്യക്തമാക്കിയ വേണുഗോപാൽ, എൽഡിഎഫിനെ പരിഹസിക്കാനും മറന്നില്ല. ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും പേടിച്ച് മണ്ഡലം മാറി മത്സരിക്കേണ്ടി വരുന്നത് സർക്കാരിനെതിരെയുള്ള ജനവികാരത്തിൻ്റെ കൃത്യമായ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ കെ.സി. വേണുഗോപാലിൻ്റെയോ വി.ഡി. സതീശൻ്റെയോ രമേശ് ചെന്നിത്തലയുടെയോ മാത്രം ആളുകളല്ല, മറിച്ച് എല്ലാ നേതാക്കളുടെയും സംയുക്ത സ്ഥാനാർത്ഥികളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയിൽ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും കെസി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്ത നേതാക്കൾക്ക് കെ.സി. വേണുഗോപാൽ ഉറപ്പ് നൽകി. “സീറ്റ് കിട്ടാത്തവരെ പാർട്ടി കൈവിടില്ല. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രധാന പദവികളിൽ ഇവർക്ക് അർഹമായ പരിഗണന നൽകും. ഇപ്പോൾ മത്സരിക്കാൻ കിട്ടിയവർക്ക് അവസരം നൽകുക എന്നതാണ് പാർട്ടിയുടെ നയം,” അദ്ദേഹം കൂട്ടിച്ചേർത്തു.

CPM-BJP agreement is not only in Palakkad says K.C. Venugopal

More Stories from this section

family-dental
witywide