
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നീക്കങ്ങൾ മുൻപത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നതും രൂക്ഷവുമാണെന്ന് മുൻ യുഎസ് നയതന്ത്രജ്ഞൻ ഡോണൾഡ് ജെൻസൺ. സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ, പ്രത്യേകിച്ച് വൈദ്യുതി ശൃംഖലയ്ക്ക് നേരെ വൻതോതിലുള്ള ആക്രമണം ഉണ്ടാകാനുള്ള സാധ്യത കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ വർദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യത്തിന്റെ നാഗരികതയെ മുഴുവനായി ഇല്ലാതാക്കുക അസാധ്യമാണെങ്കിലും, ഇറാനെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് ട്രംപ് പിന്നോട്ടില്ലെന്നാണ് സൂചനകൾ.
അമേരിക്കൻ ജനതയിൽ ഭൂരിഭാഗവും യുദ്ധത്തിന് എതിരാണെന്നിരിക്കെ, ട്രംപിന് മേൽ ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നത് അദ്ദേഹത്തിന്റെ സ്വന്തം ലക്ഷ്യങ്ങൾ തന്നെയാണെന്ന് ജെൻസൺ വിലയിരുത്തുന്നു. ഇറാന്റെ ആണവ പദ്ധതികൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന തന്റെ വാഗ്ദാനം നിറവേറ്റാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇറാന്റെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കാനുള്ള സൈനിക ശേഷി അമേരിക്കയ്ക്കുണ്ടെങ്കിലും, ഈ യുദ്ധത്തിലൂടെ ട്രംപ് വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ പൂർണ്ണമായി നേടാനാകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
പശ്ചിമേഷ്യയിൽ അമേരിക്കൻ കരുത്തിന് പരിമിതികളുണ്ടെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സാഹചര്യം വിരൽ ചൂണ്ടുന്നതെന്നും ജെൻസൺ കൂട്ടിച്ചേർത്തു. ഇറാന്റെ സുപ്രധാന മേഖലകൾ തകർക്കപ്പെടുമെന്ന ഭീതി നിലനിൽക്കുമ്പോൾ തന്നെ, ലോകശക്തിയായ അമേരിക്കയുടെ സ്വാധീനം മേഖലയിൽ എത്രത്തോളം ഫലപ്രദമാകുമെന്നത് വരും ദിവസങ്ങളിലെ നിർണ്ണായക വെല്ലുവിളിയായിരിക്കും. ഇറാനെതിരെയുള്ള അന്ത്യശാസനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.














