
ടെഹ്‌റാൻ: അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്‍റെ ശക്തമായ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലും, പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ അൽ ഖുദ്‌സ് ദിന റാലികളിൽ ആയിരങ്ങൾ അണിനിരന്നു. മാർച്ച് 13 വെള്ളിയാഴ്ച രാവിലെ ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നടന്ന റാലികൾ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളാലും പ്രത്യാക്രമണ ആഹ്വാനങ്ങളാലും മുഖരിതമായിരുന്നു. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുതിയ നേതാവ് മുജ്തബ ഖമേനിയുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
റാലികൾ നടന്നുകൊണ്ടിരിക്കെ തന്നെ തലസ്ഥാനമായ ടെഹ്‌റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിന് മുകളിൽ ഇസ്രായേൽ വ്യോമസേന ‘വലിയ തോതിലുള്ള ആക്രമണങ്ങൾ’ ആരംഭിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. സ്ഫോടനശബ്ദം കേട്ടിട്ടും പിരിഞ്ഞുപോകാതെ ജനങ്ങൾ അമേരിക്കൻ-ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് തുടരുന്ന ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. ട്രംപിന്റെയും നെതന്യാഹുവിന്റെയും കോലങ്ങൾ കത്തിച്ച പ്രതിഷേധക്കാർ, അമേരിക്കൻ പതാക പുതപ്പിച്ച ശവപ്പെട്ടികളിൽ ആണിയടിച്ചാണ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്.
റമദാനിലെ അവസാന വെള്ളിയാഴ്ച ആചരിക്കുന്ന അൽ ഖുദ്‌സ് ദിനം ഇത്തവണ ഇറാനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. രാജ്യം നേരിട്ടുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ, ഇത്തരം ബഹുജന റാലികൾ സംഘടിപ്പിക്കുന്നത് ജനങ്ങളുടെ പോരാട്ടവീര്യം ചോർന്നിട്ടില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. എന്നാൽ ജനക്കൂട്ടത്തിന് നേരെയുള്ള വ്യോമാക്രമണങ്ങൾ വൻതോതിലുള്ള ആൾനാശത്തിന് കാരണമാകുമോ എന്ന ആശങ്ക അന്താരാഷ്ട്ര സമൂഹം പങ്കുവെക്കുന്നുണ്ട്.















