
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാനിൽ അധികാരമാറ്റവും പശ്ചിമേഷ്യയിൽ യുദ്ധഭീതിയും ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്‌തബ ഖമനേയിയെ (56) ഇറാൻ്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുദ്ധസാഹചര്യങ്ങൾക്കിടയിലും പാരമ്പര്യമായി അധികാരം കൈമാറാനുള്ള ഇറാൻ്റെ നീക്കം ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇറാൻ യുദ്ധത്തെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഞായറാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) 107.50 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് 108.01 ഡോളറിലേക്കും ഉയർന്നു. കഴിഞ്ഞ ആഴ്ച മാത്രം അമേരിക്കൻ ക്രൂഡ് ഓയിൽ വിലയിൽ 35 ശതമാനത്തിൻ്റെ വർധനവുണ്ടായി. 1983-ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത് .
ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഉൽപ്പാദനത്തിൽ ഗണ്യമായ കുറവുണ്ടായതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഇറാഖിലെ പ്രധാന എണ്ണപ്പാടങ്ങളിൽ നിന്നുള്ള ഉൽപ്പാദനം 70 ശതമാനത്തോളം ഇടിഞ്ഞു.
‘ചെറിയ വില’ എന്ന് ട്രംപ്
എണ്ണവില കുതിച്ചുയരുന്നതിനെ നിസ്സാരവൽക്കരിച്ചാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. “ഇറാൻ്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതിനായി നൽകേണ്ട വളരെ ചെറിയ വില മാത്രമാണിത്. ഹ്രസ്വകാലത്തേക്കുള്ള ഈ വർധനവ് രാജ്യത്തിന് താങ്ങാവുന്നതേയുള്ളൂ. മഠയന്മാർ മാത്രമേ ഇതിനെക്കുറിച്ച് മറ്റൊരു തരത്തിൽ ചിന്തിക്കൂ,” എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ആരാണ് മൊജ്‌തബ ഖമേനി?
പിതാവ് അലി ഖമേനിയുടെയും വിപ്ലവ നേതാവ് ഖൊമേനിയുടെയും മുൻകാല നിലപാടുകളെ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് മൊജ്‌തബ ഇറാൻ്റെ അധികാരമേൽക്കുന്നത്. രാജഭരണവും പാരമ്പര്യമായി അധികാരം കൈമാറുന്നതും വിപ്ലവ വിരുദ്ധമാണെന്നായിരുന്നു ഖമേനിയിയുടെ മുൻപത്തെ നിലപാട്.
ദീർഘകാലമായി ഭരണത്തിൻ്റെ ഇടനാഴികളിൽ സജീവമായ മൊജ്‌തബ, ബാസിജ് മിലിഷ്യയെയും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനെയും (IRGC) നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇറാൻ്റെ നയരൂപീകരണങ്ങളിൽ ഇടപെടുന്നു എന്നാരോപിച്ച് 2019-ൽ അമേരിക്ക മൊജ്‌തബയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുദ്ധമുഖത്ത് ഇറാൻ പുതിയ നേതാവിനെ പ്രഖ്യാപിച്ചതും എണ്ണ വിതരണം തടസ്സപ്പെട്ടതും വരും ദിവസങ്ങളിൽ ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
crude oil price crosses $100 per barrel; Trump says it’s a ‘small price to pay’ to defeat Iran













