ട്രംപിന്‍റെ ‘ഡീൽ’ തള്ളി ക്യൂബ; അവസാന തുള്ളി രക്തം വരെ പോരാടി തടയും; യുഎസ് ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് തുറന്ന പ്രഖ്യാപനം

ഹവാന: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സേന പിടികൂടിയതിന് പിന്നാലെ ക്യൂബയ്ക്ക് നേരെയുള്ള സമ്മർദ്ദം വർദ്ധിപ്പിച്ച് ഡോണൾഡ് ട്രംപ്. വെനിസ്വേലയിൽ നിന്നുള്ള സഹായം ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്നും വൈകാതെ അമേരിക്കയുമായി ഒരു കരാറിൽ ഏർപ്പെടുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “വെനിസ്വേലയിൽ നിന്ന് ഇനി ക്യൂബയ്ക്ക് പണമോ എണ്ണയോ ലഭിക്കില്ല – പൂജ്യം! വൈകുന്നതിന് മുമ്പ് ഒരു കരാർ ഉണ്ടാക്കാൻ ഞാൻ അവരോട് നിർദ്ദേശിക്കുന്നു,” എന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. കഴിഞ്ഞ വർഷം വെനിസ്വേല പ്രതിദിനം 26,500 ബാരൽ എണ്ണയാണ് ക്യൂബയ്ക്ക് നൽകിയിരുന്നത്.

“ഞങ്ങൾ എന്ത് ചെയ്യണമെന്ന് ആരും നിർദ്ദേശിക്കേണ്ടതില്ല,” എന്ന് ഡിയാസ്-കാനൽ എക്സ് പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ചു. ക്യൂബ ഒരു സ്വതന്ത്ര രാജ്യമാണെന്നും ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പിടീക്കാൻ അമേരിക്കയ്ക്ക് ധാർമ്മിക അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനിസ്വേലൻ ഭരണാധികാരികൾക്ക് സുരക്ഷാ സേവനം നൽകുന്നതിന് പകരമായാണ് ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നതെന്ന് ട്രംപ് ആരോപിച്ചു. മഡൂറോയെ പിടികൂടാനുള്ള സൈനിക നീക്കത്തിനിടെ 32 ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് നിഷേധിച്ചു.

വെനിസ്വേലൻ എണ്ണ നിലയ്ക്കുന്നത് ക്യൂബയിൽ കടുത്ത വൈദ്യുതി ക്ഷാമത്തിനും ഇന്ധന പ്രതിസന്ധിക്കും കാരണമായേക്കാം. നിലവിൽ മെക്സിക്കോയിൽ നിന്ന് ക്യൂബ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അത് വെനിസ്വേലൻ വിഹിതത്തിന് പകരമാകില്ലെന്നാണ് വിലയിരുത്തൽ. ക്യൂബൻ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും അധികം വൈകാതെ മാറ്റങ്ങൾ ഉണ്ടാകുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ഏതൊരു അധിനിവേശത്തെയും അവസാന തുള്ളി രക്തം വരെ പോരാടി തടയുമെന്ന് ഡിയാസ്-കാനൽ പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide