ദ്വീപിനെ ആക്രമിക്കാനോ തന്നെ പുറത്താക്കാനോ ശ്രമിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ക്യൂബൻ പ്രസിഡൻ്റ്

പ്യൂർട്ടോ റിക്കോ: ക്യൂബയ്ക്കെതിരെ സൈനിക ആക്രമണം നടത്താനോ അല്ലെങ്കിൽ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കാനോ അമേരിക്കയ്ക്ക് യാതൊരു ന്യായമായ കാരണവുമില്ലെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡയസ് കാനൽ പറഞ്ഞു.
എൻ‌ബി‌സി ന്യൂസിൻ്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂബയ്ക്ക് നേരെയുള്ള അധിനിവേശം വലിയ വില നൽകേണ്ടി വരുന്ന ഒന്നായിരിക്കുമെന്നും അത് മേഖലയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ ക്യൂബൻ ജനത സ്വയം പ്രതിരോധിക്കുമെന്നും ഡയസ് കാനൽ വ്യക്തമാക്കി.

“അത്തരമൊരു സമയം വന്നാൽ, ക്യൂബയ്‌ക്കെതിരെ സൈനിക ആക്രമണം നടത്തുന്നതിനോ, ഒരു ‘സർജിക്കൽ ഓപ്പറേഷൻ’ നടത്തുന്നതിനോ, അല്ലെങ്കിൽ ഒരു പ്രസിഡൻ്റിനെ തട്ടിക്കൊണ്ടുപോകുന്നതിനോ അമേരിക്കയ്ക്ക് യാതൊരു ന്യായീകരണവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല,” പരിഭാഷകൻ്റെ സഹായത്തോടെ ഡയസ് കാനൽ പറഞ്ഞു.

“അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അവിടെ പോരാട്ടമുണ്ടാകും, വലിയൊരു സമരം തന്നെ നടക്കും. ഞങ്ങൾ സ്വയം പ്രതിരോധിക്കും. ഞങ്ങൾക്ക് മരിക്കേണ്ടി വന്നാൽ ഞങ്ങൾ മരിക്കും. കാരണം ഞങ്ങളുടെ ദേശീയഗാനം പറയുന്നതുപോലെ, ‘മാതൃഭൂമിക്ക് വേണ്ടി മരിക്കുക എന്നത് ജീവിക്കുന്നതിന് തുല്യമാണ്’.”- അദ്ദേഹം വ്യക്തമാക്കി. ക്യൂബയ്ക്കെതിരെ അമേരിക്കൻ സർക്കാർ “ശത്രുതാപരമായ നയം” നടപ്പിലാക്കുകയാണെന്ന് ആരോപിച്ച ഡയസ് കാനൽ, “ക്യൂബയോട് എന്തെങ്കിലും ആവശ്യപ്പെടാൻ അമേരിക്കയ്ക്ക് ധാർമ്മിക അവകാശമില്ല” എന്നും പറഞ്ഞു.

ഇരുപക്ഷവും ചർച്ചകൾ നടക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അതിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിലും ക്യൂബയും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം രൂക്ഷമായി തുടരുന്നതിനിടയിലാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശങ്ങൾ വരുന്നത്. ഉപാധികളില്ലാതെ ഏത് വിഷയത്തിലും സംഭാഷണത്തിൽ ഏർപ്പെടാൻ ക്യൂബയ്ക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ അമേരിക്കൻ വ്യവസ്ഥിതിയിൽ മാറ്റം ആവശ്യപ്പെടാത്തതുപോലെ, ഞങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്താൻ അവരും ആവശ്യപ്പെടരുത്,” അദ്ദേഹം പറഞ്ഞു.

ക്യൂബയിലെ വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്ക് കാരണം അമേരിക്ക ഏർപ്പെടുത്തിയ ഊർജ്ജ ഉപരോധമാണെന്ന് രാജ്യം കുറ്റപ്പെടുത്തുന്നു. പെട്രോളിയത്തിൻ്റെ അഭാവം ദ്വീപിൻ്റെ ആരോഗ്യ സംവിധാനത്തെയും പൊതുഗതാഗതത്തെയും ചരക്ക് സേവന ഉൽപ്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ക്യൂബയ്ക്ക് ആവശ്യമായ ഇന്ധനത്തിൻ്റെ 40% മാത്രമേ അവിടെ ഉൽപ്പാദിപ്പിക്കുന്നുള്ളൂ.

ജനുവരി ആദ്യം വെനസ്വേലയെ അമേരിക്കൻ സൈന്യം ആക്രമിക്കുകയും പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടി മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി ന്യൂയോർക്കിലേക്ക് കൊണ്ടുപോകുകയും ചെയ്തതോടെ വെനസ്വേലയിൽ നിന്നുള്ള ഇന്ധന ലഭ്യത നിലച്ചു. തുടർന്ന് ട്രംപ് ഭരണകൂടം വെനസ്വേലയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഘട്ടം ഘട്ടമായുള്ള പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങി.

മാർച്ച് മാസത്തിൽ 730,000 ബാരൽ ക്രൂഡ് ഓയിലുമായി ഒരു റഷ്യൻ ടാങ്കർ ക്യൂബയിലെത്തിയത് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ആദ്യത്തെ ഇന്ധന വരവായിരുന്നു. രണ്ടാമതൊരു ടാങ്കർ കൂടി അയക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെതിരെ താരിഫ് ഏർപ്പെടുത്തുമെന്ന് ജനുവരിയിൽ ഭീഷണിപ്പെടുത്തിയെങ്കിലും, ഈ റഷ്യൻ ടാങ്കറിന് വരാൻ ട്രംപ് ഭരണകൂടം അനുമതി നൽകി. “ക്യൂബയുടെ കഥ കഴിഞ്ഞു,” എന്നായിരുന്നു അന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. “അവിടെ മോശം ഭരണകൂടമാണ്. അഴിമതി നിറഞ്ഞ നേതൃത്വമാണുള്ളത്. അവർക്ക് ഒരു കപ്പൽ എണ്ണ ലഭിച്ചാലും ഇല്ലെങ്കിലും അതിൽ കാര്യമില്ല.”

ട്രംപിൻ്റെ വാക്കുകളെ ഒരു മുന്നറിയിപ്പായാണ് തൻ്റഎ സർക്കാർ കാണുന്നതെന്ന് ഡയസ് കാനൽ പറഞ്ഞു. “അടുത്തത് ക്യൂബയാണെന്നും, അവർ ക്യൂബയെ പിടിച്ചെടുക്കാൻ പോകുകയാണെന്നും കേൾക്കുന്നുണ്ട്. രാജ്യത്തിൻ്റെ നേതൃത്വത്തിലുള്ള ഒരാളെന്ന നിലയിൽ ഇതൊരു മുന്നറിയിപ്പാണ്. ഉത്തരവാദിത്തത്തോടെ ഞങ്ങളുടെ ജനങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും സംരക്ഷിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

Cuban President warns US not to invade island or try to expel him

More Stories from this section

family-dental
witywide