”ഇറാനെ ശപിച്ചതുകൊണ്ട് ഹോർമുസ് കടലിടുക്ക് തുറക്കില്ല, ഒബാമ മോഡൽ നയതന്ത്രമാണ് വേണ്ടത്”-ട്രംപിനെതിരെ റോ ഖന്ന

വാഷിംഗ്ടൺ: ഇറാനെതിരെ അസഭ്യവർഷം ചൊരിയുന്നതും യുദ്ധഭീഷണി മുഴക്കുന്നതും വഴി ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് പ്രമുഖ ഇന്ത്യൻ വംശജനും ഡെമോക്രാറ്റിക് പ്രതിനിധിയുമായ റോ ഖന്ന. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സമീപനം അമേരിക്കൻ സൈനികരെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻ.ബി.സി ന്യൂസിൻ്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ രാജ്യം “നരകതുല്യമാകും” എന്ന രീതിയിൽ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിനെ ഖന്ന രൂക്ഷമായി വിമർശിച്ചു. യുദ്ധക്കുറ്റങ്ങൾ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഒരു പരിഷ്കൃത രാജ്യത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങൾ ബോംബാക്രമണം നിർത്തിവെച്ച് ചർച്ചകളിലൂടെ പരിഹാരം കാണണം. വെടിനിർത്തലാണ് ഇപ്പോഴത്തെ അടിയന്തര ആവശ്യം. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ കാണിച്ചതുപോലെയുള്ള നയതന്ത്രജ്ഞതയാണ് ഇപ്പോഴത്തെ സാഹചര്യം നേരിടാൻ വേണ്ടത്. ഒമാൻ, ചൈന, ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ സഖ്യകക്ഷികൾ എന്നിവരെ ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

യുദ്ധത്തിനായി 400 ബില്യൺ ഡോളർ അധികമായി അനുവദിക്കാനുള്ള നീക്കത്തെ താൻ ശക്തമായി എതിർക്കുമെന്ന് ഖന്ന വ്യക്തമാക്കി. ഈ തുക അമേരിക്കയിലെ കുട്ടികളുടെ സംരക്ഷണം, കോളേജ് വിദ്യാഭ്യാസം, അധ്യാപകരുടെ ശമ്പള വർദ്ധനവ് എന്നിവയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇറാനിൽ വെടിവെച്ചിട്ട വിമാനത്തിലെ അമേരിക്കൻ പൈലറ്റിനെ രക്ഷപ്പെടുത്തിയ സൈനിക നടപടിയെ ഖന്ന അഭിനന്ദിച്ചു. എന്നാൽ ഇത്തരം സൈനികരെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടുന്ന പ്രസിഡൻ്റിൻ്റെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘Cursing Iran won’t open the Strait of Hormuz, Obama-style diplomacy is needed’ – Ro Khanna against Trump

More Stories from this section

family-dental
witywide