
വാഷിംഗ്ടൺ: ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അതിമോഹത്തെ ചൊല്ലിയുള്ള നയതന്ത്ര തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, യുഎസ് അന്തർവാഹിനിയിലെ ഉദ്യോഗസ്ഥന് അടിയന്തര വൈദ്യസഹായം നൽകി ഡാനിഷ് സൈന്യം മാതൃകയായി.
ഡെൻമാർക്കിൻ്റെ ജോയിൻ്റ് ആർട്ടിക് കമാൻഡ് അറിയിച്ചതനുസരിച്ച്, ഗ്രീൻലാൻഡ് തലസ്ഥാനമായ നൂക്കിന് 7 നോട്ടിക്കൽ മൈൽ അകലെ ശനിയാഴ്ചയാണ് രക്ഷാപ്രവർത്തനം നടന്നത്. ഡാനിഷ് സീഹോക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് അന്തർവാഹിനിയിൽ നിന്ന് ഉദ്യോഗസ്ഥനെ നൂക്കിലെ ആശുപത്രിയിൽ എത്തിച്ചു. അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഗ്രീൻലാൻഡിലേക്ക് ഒരു ഹോസ്പിറ്റൽ കപ്പൽ അയക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനിടെയാണ് ഈ സംഭവം.

ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള യുഎസ് നീക്കത്തെച്ചൊല്ലി നാറ്റോ സഖ്യകക്ഷികളായ ഡെൻമാർക്കും അമേരിക്കയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഈ സംഭവം നടന്നത് എന്നതും ശ്രദ്ധേയം. രക്ഷാപ്രവർത്തനത്തിന് തൊട്ടുപിന്നാലെ, ഗ്രീൻലാൻഡിലെ ജനങ്ങൾക്ക് കൃത്യമായ ആരോഗ്യപരിചരണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അവിടേക്ക് ഒരു ഹോസ്പിറ്റൽ കപ്പൽ അയക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയുമായി ചേർന്ന് ഇതിനുള്ള നീക്കങ്ങൾ നടത്തുകയാണെന്ന് ട്രംപ് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
എന്നാൽ, ട്രംപിൻ്റെ ഈ പ്രഖ്യാപനം ഡെൻമാർക്കിനെ അത്ഭുതപ്പെടുത്തി. ഇത്തരമൊരു നീക്കത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഡാനിഷ് പ്രതിരോധ മന്ത്രി പറഞ്ഞു. ഡെൻമാർക്കിലെയും ഗ്രീൻലാൻഡിലെയും ആരോഗ്യസംരക്ഷണ സംവിധാനം മികച്ചതാണെന്നും എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമാണെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ വ്യക്തമാക്കി. ട്രംപിൻ്റെ നിർദ്ദേശത്തെ ഗ്രീൻലാൻഡ് നേതാക്കളും വിമർശിച്ചു.
ആർട്ടിക് മേഖലയിൽ തന്ത്രപരമായ സഹകരണം തുടരുമ്പോഴും ഗ്രീൻലാൻഡിന്റെ പദവിയെച്ചൊല്ലിയുള്ള വാക്പോര് ഇരുരാജ്യങ്ങൾക്കുമിടയിൽ തുടരുകയാണ്.
Danish military rescues US submarine officer amid dispute with Trump over Greenland















