‘യുദ്ധം ഉറപ്പ്, ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ നോക്കിയാൽ യുദ്ധത്തിലേ കലാശിക്കു’; ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത യുദ്ധമുന്നറിയിപ്പുമായി ഡെന്മാർക്ക്. ഗ്രീൻലാൻഡിനെ കീഴടക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഡാനിഷ് എംപി റാസുമസ് ജാർലോവ് വ്യക്തമാക്കി. അമേരിക്ക സൈനികമായി ശക്തരാണെന്ന് അറിയാമെന്നും എന്നാൽ സ്വന്തം ഭൂമിയെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് ഗ്രീൻലാൻഡ് വിഷയം ഉന്നയിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രീൻലാൻഡിലെ ജനങ്ങൾ നല്ലവരാണെന്നും അവരെ അമേരിക്ക ഏറ്റെടുക്കേണ്ടതുണ്ടെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ ഗ്രീൻലാൻഡിനെ വിട്ടുനൽകില്ലെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൺ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ തർക്കത്തിൽ ഇന്ത്യ ഡെന്മാർക്കിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് റാസുമസ് ജാർലോവ് കൂട്ടിച്ചേർത്തു. നേരത്തെ 2019-ൽ ആദ്യമായി അധികാരത്തിലിരുന്നപ്പോഴും ഗ്രീൻലാൻഡ് വാങ്ങാൻ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡെന്മാർക്ക് ആ ആവശ്യം തള്ളിക്കളയുകയായിരുന്നു.

ഗ്രീൻലാൻഡ് വിഷയം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീൻലാൻഡ് വിട്ടുനൽകാൻ വിസമ്മതിക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ട്രംപ് ഇതിനകം കടുത്ത നികുതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നുമാണ് ഡെന്മാർക്കിന്റെ നിലപാട്. ട്രംപും യൂറോപ്യൻ നേതാക്കളും ദാവോസിൽ നേർക്കുനേർ എത്തുന്നതോടെ ഈ തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

More Stories from this section

family-dental
witywide