
പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവായി ഇറാനുമായി അഞ്ച് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകൾ അതീവ ഫലപ്രദമായിരുന്നുവെന്നും സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകൾ തെളിഞ്ഞതായും ട്രംപ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുദ്ധവിഭാഗത്തിന് (Department of War) ട്രംപ് നിർദ്ദേശം നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും വെടിനിർത്തലിന് ശേഷമുള്ള തുടർന്നുള്ള നീക്കങ്ങളെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച ഉടനീളം ഇരുരാജ്യങ്ങളും തമ്മിലുള്ള വിശദമായ ചർച്ചകൾ തുടരും. പശ്ചിമേഷ്യയിലെ ശത്രുതയ്ക്ക് പൂർണ്ണവും സമഗ്രവുമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും സമാധാനപരമായ നീക്കങ്ങൾക്ക് അവസരം നൽകാനാണ് ഈ താൽക്കാലിക നിയന്ത്രണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ വലിയ ആശ്വാസം നൽകുന്നതാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
Trump announces 5-day halt on military strikes against Iran following productive peace talks












