
കോപ്പൻഹേഗൻ: ട്രംപ് ഭരണകൂടം ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ഭീഷണി ഉയർത്തിയതിനെത്തുടർന്ന് ഡാനിഷ് സൈനികർക്കിടയിലും വിമുക്തഭടന്മാർക്കിടയിലും കടുത്ത അതൃപ്തി രൂപപ്പെടന്നു. പതിറ്റാണ്ടുകളായി അമേരിക്കയുടെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷികളിലൊന്നായ ഡെന്മാർക്കിനെ സംബന്ധിച്ചിടത്തോളം, ഈ നീക്കം വലിയൊരു വഞ്ചനയായാണ് അവർ കാണുന്നത്. 1990-കളിൽ അമേരിക്കൻ സൈന്യത്തോടൊപ്പം ചേർന്ന് മാസിഡോണിയയിൽ സമാധാന ദൗത്യത്തിൽ പങ്കെടുത്ത ബെർത്തൽസൺ, ട്രംപിന്റെ സമീപനം അങ്ങേയറ്റം ‘അനാദരവ്’ നിറഞ്ഞതാണെന്ന് പറഞ്ഞു. ഒരിക്കൽ തങ്ങളുടെ സഹോദരങ്ങളായി കണ്ടിരുന്ന സൈനികരുടെ രാജ്യത്ത് നിന്ന് ഇത്തരമൊരു ശത്രുതാപരമായ നീക്കം ഉണ്ടായത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയെ സഹായിക്കാൻ ആദ്യം ഓടിയെത്തിയ രാജ്യങ്ങളിൽ ഒന്നാണ് ഡെന്മാർക്ക്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയ്ക്കൊപ്പം പോരാടി നിരവധി ഡാനിഷ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ഒരു സഖ്യകക്ഷിയുടെ പ്രദേശം പിടിച്ചെടുക്കുമെന്ന ഭീഷണി തങ്ങളുടെ വിശ്വസ്തതയ്ക്കേറ്റ മുറിവാണെന്ന് വിമുക്തഭടന്മാർ വിശ്വസിക്കുന്നു. ചില ഡാനിഷ് വിമുക്തഭടന്മാർ തങ്ങൾക്ക് ലഭിച്ച യുഎസ് മെഡലുകളും ഫ്ലാഗുകളും പായ്ക്ക് ചെയ്ത് മാറ്റിവെച്ചതായും, അമേരിക്കയുമായുള്ള ബന്ധം പഴയ നിലയിലാകാതെ അവ പുറത്തെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഗ്രീൻലാൻഡിന് മേൽ അമേരിക്കയ്ക്ക് ഉടമസ്ഥാവകാശം വേണമെന്ന് കടുപ്പിച്ചു പറഞ്ഞ ട്രംപ്, മണിക്കൂറുകൾക്കുള്ളിൽ തന്‍റെ നിലപാട് മാറ്റിയിരുന്നു. നാറ്റോ ചീഫ് മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രീൻലാൻഡ് വിഷയത്തിൽ ഒരു ‘ഭാവി കരാറിന്റെ ചട്ടക്കൂട്’ രൂപീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ട്രംപ് ദാവോസിൽ വ്യക്തമാക്കി. പകരം, ഗ്രീൻലാൻഡിലെ ധാതുവിഭവങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കും അമേരിക്കയ്ക്ക് കൂടുതൽ മുൻഗണന നൽകുന്ന രീതിയിലുള്ള കരാറുകൾക്കാകും ഇനി ശ്രമിക്കുക.














