
ലണ്ടൻ: ബ്രിട്ടന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കീർ സ്റ്റാർമർ ശക്തമായ മറുപടി നൽകി. കഴിഞ്ഞ ദിവസം ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ലണ്ടനിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ വിഷയത്തിൽ ബ്രിട്ടന്റെ നിലപാടിനെതിരെ ട്രംപ് പരസ്യമായി വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സ്റ്റാർമറുടെ ഈ പ്രതികരണം.
ഫെബ്രുവരി അവസാന വാരത്തിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങളിൽ പങ്കുചേരാത്തതിന് കീർ സ്റ്റാർമറെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. സ്റ്റാർമർ സഹായിക്കുന്നില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെയല്ലെന്നും ഒരു അഭിമുഖത്തിൽ ട്രംപ് തുറന്നടിച്ചിരുന്നു. എന്നാൽ ഇതിനോട് പ്രതികരിച്ച സ്റ്റാർമർ, അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം സുശക്തമാണെന്നും എല്ലാ തലങ്ങളിലും ഉദ്യോഗസ്ഥർ ദിവസേന സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ഫോൺ സംഭാഷണത്തിൽ ഇറാാനിലെയും മേഖലയിലെയും സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ചതായി സ്റ്റാർമർ സ്ഥിരീകരിച്ചു. ചർച്ചകൾ സ്വാഭാവികമാണെങ്കിലും ബ്രിട്ടന്റെ ഏറ്റവും മികച്ച താൽപ്പര്യങ്ങൾ മുൻനിർത്തി എന്ത് തീരുമാനമെടുക്കണം എന്നത് തന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു അടിസ്ഥാനപരമായ തത്വമാണെന്നും ഏത് സമ്മർദ്ദമുണ്ടായാലും രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













