ട്രംപിന്‍റെ ധീരവും ചരിത്രപരവുമായ നേതൃത്വത്തെ ആദരിക്കുന്നുവെന്ന് നെതന്യാഹു; ഇറാന് ശക്തമായ മുന്നറിയിപ്പും

ജറുസലേം: വെനസ്വേലയിലെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയ അമേരിക്കൻ സൈന്യത്തിന്‍റെ നാടകീയമായ സൈനിക നീക്കത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹൃദയപൂർവം അഭിനന്ദിച്ചു. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ധീരവും ചരിത്രപരവുമായ നേതൃത്വത്തെ അദ്ദേഹം ആദരിക്കുന്നുവെന്ന് നെതന്യാഹു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ വ്യക്തമാക്കി.

അമേരിക്കൻ സൈനികരുടെ അസാധാരണമായ ശക്തിയെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ച അദ്ദേഹം, ഈ നടപടി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വെനസ്വേലയിലെ ഏകാധിപത്യ ഭരണകൂടത്തിന് കീഴിൽ ദുരിതമനുഭവിക്കുന്ന ജനതയോടൊപ്പം ഇസ്രായേൽ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. മഡുറോയുടെ പിടികൂടലിനെ ഇസ്രായേൽ തങ്ങളുടെ ശത്രുരാജ്യമായ ഇറാന് നൽകുന്ന ശക്തമായ മുന്നറിയിപ്പായി കാണുന്നു.

ഇറാനിലെ ജനങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്നും, അടിച്ചമർത്തൽ ഭരണകൂടങ്ങൾക്കെതിരായ ലോകത്തിന്റെ ജാഗ്രതയാണിതെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇറാൻ ഭരണകൂടം അതീവ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാർ ലാപിഡും മുന്നറിയിപ്പ് നൽകി. ഇറാനും വെനസ്വേലയും തമ്മിലുള്ള അടുത്ത സൈനിക-സാമ്പത്തിക ബന്ധം പരിഗണിക്കുമ്പോൾ, മഡുറോയുടെ വീഴ്ച ഇറാന് വലിയ തിരിച്ചടിയാകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സാർ ചൂണ്ടിക്കാട്ടി.

മഡുറോയുടെ ഭരണം ലഹരിവ്യാപാരത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നീക്കം ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്നുമാണ് ഇസ്രായേലിന്റെ ഔദ്യോഗിക നിലപാട്. മഡുറോയ്ക്ക് ശേഷം രൂപീകരിക്കപ്പെടുന്ന പുതിയ ജനാധിപത്യ സർക്കാരുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇസ്രായേൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപും നെതന്യാഹുവും തമ്മിലുള്ള അടുത്ത സൗഹൃദം വെനസ്വേലയുടെ ഭാവി കാര്യങ്ങളിൽ ഇസ്രായേലിന്റെ സ്വാധീനം വർധിപ്പിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide