
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ അമേരിക്കൻ രാഷ്ട്രീയരംഗത്ത് നിന്ന് തന്നെ പ്രതിഷേധം ശക്തമാകുന്നു. സെനറ്റ് ഇന്‍റലിജൻസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗമായ സെനറ്റർ മാർക്ക് വാർണറാണ് ട്രംപിന്റെ നയതന്ത്ര നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിലൂടെ എങ്ങനെയാണ് ഇറാനെക്കൊണ്ട് ആ പാത തുറപ്പിക്കാൻ സാധിക്കുക എന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം സിഎൻഎന്നിനോട് പ്രതികരിച്ചു.
ട്രംപിന്റെ പ്രഖ്യാപനവും ലക്ഷ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മാർക്ക് വാർണർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കപ്പൽ പാത തുറന്നു കൊടുക്കാൻ ഇറാനുമേൽ സമ്മർദ്ദം ചെലുത്താനാണ് ഈ നീക്കമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാനേ ഉപകരിക്കൂ എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള പ്രതികരണങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ ഭരണകൂടത്തിനെതിരെ വിമർശനം ഉയരുന്നത്.
ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ട്രംപ് സ്വീകരിക്കുന്ന ഇത്തരം പ്രകോപനപരമായ നടപടികൾ മേഖലയിലെ സംഘർഷാവസ്ഥ വർദ്ധിപ്പിക്കുമെന്നും നയതന്ത്ര ചർച്ചകളുടെ സാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഭയപ്പെടുന്നു. വൈറ്റ് ഹൗസിന്റെ അടുത്ത നീക്കങ്ങൾക്കായി ലോകം ഉറ്റുനോക്കുമ്പോൾ, സെനറ്റർ മാർക്ക് വാർണറുടെ പ്രസ്താവന അമേരിക്കൻ സെനറ്റിലും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.















