
ഓസ്റ്റിൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് നടന്ന നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഉജ്ജ്വല വിജയം. 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് 17 പോയിന്റുകൾക്ക് വിജയിച്ച ഫോർട്ട് വർത്ത് മേഖലയിലെ ഒമ്പതാം സെനറ്റ് ഡിസ്ട്രിക്റ്റിലാണ് ഡെമോക്രാറ്റുകൾ അട്ടിമറി നടത്തിയത്. വ്യോമസേനാ വിമുക്തഭടനും യൂണിയൻ പ്രസിഡന്റുമായ ടെയ്‌ലർ റെഹ്മെറ്റ് ആണ് വിജയം നേടിയത്. ട്രംപ് നേരിട്ട് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ലെയ് വാംസ്‌ഗാൻസ് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ദിവസങ്ങളിൽ മൂന്ന് തവണയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ വഴി ലെയ് വാംസ്‌ഗാൻസിനായി വോട്ട് അഭ്യർത്ഥിച്ചത്.
എന്നാൽ ഈ ‘ട്രംപ് തരംഗം’ മണ്ഡലത്തിൽ ചലനമുണ്ടാക്കിയില്ല. ഈ വർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ ഫലം. കഴിഞ്ഞ വർഷം മാത്രം വിവിധ ഉപതിരഞ്ഞെടുപ്പുകളിലായി 20-ലധികം സീറ്റുകൾ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഡിസംബറിൽ ജോർജിയയിലും സമാനമായ രീതിയിൽ ട്രംപിന് ഭൂരിപക്ഷമുള്ള മണ്ഡലം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തിരുന്നു. റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്ന കെല്ലി ഹാൻകോക്ക് രാജിവെച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നവംബറിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ 48 ശതമാനം വോട്ട് നേടിയ റെഹ്മെറ്റ്, ശനിയാഴ്ച നടന്ന റൺ-ഓഫ് വോട്ടെടുപ്പിൽ വിജയം ഉറപ്പിക്കുകയായിരുന്നു.















