ട്രംപിന് കടിഞ്ഞാണിടാൻ സുപ്രധാന നീക്കം, വാർ പവേഴ്‌സ് റെസല്യൂഷൻ വീണ്ടും ജനപ്രതിനിധി സഭയിലേക്ക്; ഡെമോക്രാറ്റുകൾ രണ്ടുംകൽപ്പിച്ച്

വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിനായി യുഎസ് ജനപ്രതിനിധി സഭയിൽ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ (യുദ്ധാധികാര പ്രമേയം) അവതരിപ്പിക്കുമെന്ന് ഹൗസ് മൈനോറിറ്റി ലീഡർ ഹക്കിം ജെഫ്രീസ് അറിയിച്ചു. സഭ വീണ്ടും സമ്മേളിക്കുമ്പോൾ ഈ വിഷയത്തിൽ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ഒരു അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഈ നിർണ്ണായക തീരുമാനം അദ്ദേഹം വെളിപ്പെടുത്തിയത്.

നേരത്തെ ഈ മാസമാദ്യം സമാനമായ പ്രമേയം സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ചുരുക്കം വോട്ടുകളുടെ വ്യത്യാസത്തിൽ അത് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ പ്രമേയത്തെ അനുകൂലിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് ജെഫ്രീസിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്ത ചില ഡെമോക്രാറ്റിക് പ്രതിനിധികൾ പോലും ഇത്തവണ പിന്തുണ നൽകാൻ തയ്യാറാണെന്ന് സൂചന നൽകിയിട്ടുണ്ട്. നാല് ഡെമോക്രാറ്റിക് അംഗങ്ങളായിരുന്നു കഴിഞ്ഞ തവണ പ്രമേയത്തിന് എതിരെ നിലകൊണ്ടിരുന്നത്.

തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിക്കുമ്പോൾ ഈ പ്രമേയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കും. ഇറാനുമായുള്ള സംഘർഷം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ കൃത്യമായ മേൽനോട്ടവും അംഗീകാരവും വേണമെന്നാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന ആശങ്ക ഡെമോക്രാറ്റുകൾക്കിടയിൽ ശക്തമാണ്. വരും ദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ ഈ വോട്ടെടുപ്പ് വലിയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.

More Stories from this section

family-dental
witywide