
വാഷിംഗ്ടൺ: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകൾ പരിശോധിക്കുന്നതിനിടെ യുഎസ് നീതിന്യായ വകുപ്പ് (DOJ) തൻ്റെ സെർച്ച് ഹിസ്റ്ററി നിരീക്ഷിച്ചെന്നും ഇത് ‘ചാരവൃത്തി’ ആണെന്നും ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് പ്രതിനിധി പ്രമീള ജയപാൽ ആരോപിച്ചു. അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെയാണ് പ്രമീള ‘ചാരവൃത്തി’ ആരോപണം ഉന്നയിച്ചത്.
ഇത് ഭരണഘടനാപരമായ അധികാര വിഭജനത്തിന്റെ ലംഘനമാണെന്നും, അംഗങ്ങൾ ഏതൊക്കെ ഫയലുകളാണ് പരിശോധിക്കുന്നതെന്ന് നിരീക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഈ നടപടിയെ അവർ തന്റെ എക്സ് പോസ്റ്റിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചു. “ഞങ്ങൾ എപ്സ്റ്റീൻ ഫയലുകൾ പരിശോധിക്കുമ്പോൾ ഡി.ഒ.ജെ ഞങ്ങളെ നിരീക്ഷിക്കുന്നത് തികച്ചും അനുചിതവും അധികാര വിഭജനത്തിന് വിരുദ്ധവുമാണ്,” ജയപാൽ എക്സിൽ കുറിച്ചു. “ഞാൻ ഏതൊക്കെ ഇമെയിലുകളാണ് തിരഞ്ഞതെന്നതിന്റെ കൃത്യമായ വിവരങ്ങൾ അടങ്ങിയ ഒരു ‘ബേൺ ബുക്കുമായാണ്’ (Burn book) ബോണ്ടി ഇന്ന് വന്നത്. ഇത് അങ്ങേയറ്റം പ്രകോപനപരമാണ്. അംഗങ്ങളെ നിരീക്ഷിക്കുന്ന ഈ നടപടിക്കെതിരെ ഞാൻ നിയമപോരാട്ടം നടത്തും.”- അവർ കുറിച്ചു.
ബുധനാഴ്ച നടന്ന ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഹിയറിംഗിനിടെ അറ്റോർണി ജനറൽ പാം ബോണ്ടി കൈവശം വെച്ചിരുന്ന ഫയലുകളിൽ “Jayapal Pramila Search History” എന്ന് രേഖപ്പെടുത്തിയ പേജുകൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൻ്റെ ഫോട്ടോഗ്രാഫർമാർ പകർത്തിയിരുന്നു.
ഇരകളുടെ സ്വകാര്യ വിവരങ്ങൾ പരസ്യമാകുന്നത് തടയാനും സുരക്ഷ ഉറപ്പാക്കാനുമായി തങ്ങളുടെ സിസ്റ്റങ്ങളിൽ നടക്കുന്ന എല്ലാ സെർച്ചുകളും ലോഗ് ചെയ്യാറുണ്ടെന്നാണ് നീതിന്യായ വകുപ്പിൻ്റെ വാദം. ഈ വിഷയം ഗൗരവകരമാണെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും ജയപാലുമായി സംസാരിച്ച ശേഷം സമ്മതിച്ചു. റിപ്പബ്ലിക്കൻ പ്രതിനിധി നാൻസി മേസും സമാനമായ നിരീക്ഷണം തനിക്കെതിരെയും നടന്നതായി സംശയിക്കുന്നുണ്ട്.
ഫയലുകൾ പരിശോധിക്കുന്നതിനിടെ ഡി.ഒ.ജെ നിയമനിർമ്മാതാക്കളുടെ സെർച്ച് ഹിസ്റ്ററി നിരീക്ഷിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഡി.ഒ.ജെ ഇൻസ്പെക്ടർ ജനറലിനോട് ആവശ്യപ്പെടുമെന്ന് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് അംഗമായ ജെമി റാസ്കിൻ പ്രസ്താവനയിൽ പറഞ്ഞു. “എപ്സ്റ്റീൻ ഫയൽ ട്രാൻസ്പരൻസി ആക്ട് ഡി.ഒ.ജെ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ അംഗങ്ങൾ നടത്തുന്ന അന്വേഷണ നടപടികൾ ട്രാക്ക് ചെയ്യുന്നതും, ആ വിവരങ്ങൾ അറ്റോർണി ജനറലിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതും പ്രതിഷേധാർഹമാണ്. അംഗങ്ങളുടെ സെർച്ച് ഹിസ്റ്ററി ട്രാക്ക് ചെയ്യുന്നത് ഡി.ഒ.ജെ ഉടനടി നിർത്തണം,” റാസ്കിൻ ആവശ്യപ്പെട്ടു.
Democratic Representative Pramila Jayapal says the US Justice Department monitored her search history while reviewing top-secret documents related to the Epstein case.













