വ്യാജ ഉപകരണമോ വെറുമൊരു പുക ബോംബോ ആയിരുന്നില്ല, മംദാനിയുടെ വസതിക്ക് നേരെ എറിഞ്ഞത് ഐഇഡി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിയായ ‘ഗ്രേസി മാൻഷനു’ മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ എറിഞ്ഞത് മാരക ശേഷിയുള്ള സ്ഫോടകവസ്തുവാണെന്ന് ന്യൂയോർക്ക് പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. മരണമോ ഗുരുതരമായ പരിക്കോ സംഭവിക്കാവുന്ന തരത്തിലുള്ള ‘ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്’ ആണ് ഇതെന്നും പോലീസ് വ്യക്തമാക്കി.

നട്ടുകളും ബോൾട്ടുകളും സ്ക്രൂകളും നിറച്ച ഒരു ജാറിൽ കറുത്ത ടേപ്പ് ചുറ്റി ഫ്യൂസ് ഘടിപ്പിച്ച നിലയിലായിരുന്നു ഈ ബോംബ്. പ്രതിഷേധത്തിനിടെ എത്തിയ ഒരു എതിർപ്പക്ഷക്കാരനാണ് ഇത് മേയറുടെ വസതിക്ക് നേരെ എറിഞ്ഞത്. ഉപകരണം പുകയുന്നുണ്ടായിരുന്നുവെങ്കിലും സ്ഫോടനം നടക്കുന്നതിന് മുൻപ് തന്നെ തനിയെ അണഞ്ഞുപോയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തുടക്കത്തിൽ ഇതൊരു വ്യാജ ബോംബോ പുക ബോംബോ ആയിരിക്കാം എന്നാണ് പോലീസ് കരുതിയിരുന്നതെങ്കിലും ബോംബ് സ്ക്വാഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇതിന്റെ ഭീകരത വ്യക്തമായത്.

“ഇതൊരു വ്യാജ ഉപകരണമോ വെറുമൊരു പുക ബോംബോ അല്ല. മറിച്ച്, ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കാൻ ശേഷിയുള്ള യഥാർത്ഥ സ്ഫോടകവസ്തുവാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചിട്ടുണ്ട്,” ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസ്സിക്ക ടിഷ് പറഞ്ഞു. പ്രതിഷേധത്തിനിടെ ഇത്തരത്തിലുള്ള രണ്ട് ഉപകരണങ്ങളാണ് എറിയപ്പെട്ടതെന്നും രണ്ടാമത്തേതിനെക്കുറിച്ചുള്ള പരിശോധനകൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ആഭ്യന്തര പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയുണ്ടായ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

More Stories from this section

family-dental
witywide