
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങൾ പുറത്തുകൊണ്ടുവരുന്ന നിർണ്ണായകമായ ഓഡിയോ റെക്കോർഡിംഗുകൾ പുറത്ത്. ടെക്സാസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ്, വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ രൂക്ഷമായി പരിഹസിക്കുന്നതും ട്രംപിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്നതുമായ സംഭാഷണങ്ങളാണ് ‘ആക്സിയോസ്’ പുറത്തുവിട്ടത്.
2025-ന്റെ ആദ്യ പകുതിയിൽ സ്വകാര്യ ദാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ സംഭാഷണങ്ങൾ നടന്നത്. ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഓഡിയോ.
വൈസ് പ്രസിഡന്റ് ജെഡി വാൻസ് വെറും ഒരു പാവയാണെന്നും, കൺസർവേറ്റീവ് പോഡ്‌കാസ്റ്റർ ടക്കർ കാൾസന്റെ ‘സൃഷ്ടി’യാണ് വാൻസെന്നും ക്രൂസ് ആരോപിച്ചു. വാൻസും ടക്കർ കാൾസണും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് ഭരണകൂടത്തിനുള്ളിലെ ചിലർ തടസ്സം നിൽക്കുന്നതായി ക്രൂസ് കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോ എന്നിവർക്ക് പുറമെ ചില സമയങ്ങളിൽ സാക്ഷാൽ ട്രംപും കരാർ വൈകിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.
ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവകൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ക്രൂസ് മുന്നറിയിപ്പ് നൽകി. ഇതിനെക്കുറിച്ച് സംസാരിക്കാൻ അർദ്ധരാത്രിക്ക് ശേഷം ട്രംപിനെ വിളിച്ചപ്പോൾ അദ്ദേഹം തങ്ങളോട് കയർത്ത് സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി ക്രൂസ് വെളിപ്പെടുത്തുന്നു.
2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ക്രൂസ് ട്രംപിനോട് പറഞ്ഞതായി ഓഡിയോയിലുണ്ട്. സൂപ്പർ മാർക്കറ്റുകളിൽ വില വർദ്ധിക്കുകയും ജനങ്ങളുടെ സമ്പാദ്യം കുറയുകയും ചെയ്താൽ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും പാർട്ടി പരാജയപ്പെടുമെന്നും, തുടർന്നുള്ള രണ്ട് വർഷം ട്രംപ് ഇംപീച്ച്‌മെന്റ് നേരിടേണ്ടി വരുമെന്നും ക്രൂസ് മുന്നറിയിപ്പ് നൽകി. ഇതിന് ട്രംപ് അസഭ്യമായ വാക്കുകൾ ഉപയോഗിച്ചാണ് മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.














