അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിനുള്ളിലെ ഭിന്നതകൾ വെളിപ്പെടുത്തുന്നതായുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നു. ഇന്ത്യ–യുഎസ് വ്യാപാര കരാർ തടഞ്ഞത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോയുമാണെന്നും, ചില ഘട്ടങ്ങളിൽ ട്രംപും അതിന് ഉത്തരവാദിയാണെന്നും ക്രൂസ് ആരോപിക്കുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ നേതാവായ ക്രൂസ്, ട്രംപിന്റെ തീരുവ അധിഷ്ഠിത വ്യാപാര നയത്തെ രൂക്ഷമായി ഓഡിയോയിൽ വിമർശിക്കുന്നുണ്ട്. 2025ന്റെ തുടക്കത്തിലും മധ്യത്തിലും സ്വകാര്യ ധനദായകരുമായി നടത്തിയ സംഭാഷണങ്ങളാണ് ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർഡിങ്ങിൽ ഉള്ളത്.
ട്രംപ് ഏർപ്പെടുത്തിയ തീരുവകൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും, ഇതു പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റിലേക്കും നയിക്കാമെന്നും ക്രൂസ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. 2025 ഏപ്രിലിൽ തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, ട്രംപുമായി താനും മറ്റ് ചില സെനറ്റർമാരും നടത്തിയ ദീർഘമായ ഫോൺ വിളി പരാജയമായിരുന്നുവെന്നും, ആ സമയത്ത് ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചുവെന്നും ക്രൂസ് പറഞ്ഞു.
2026 തിരഞ്ഞെടുപ്പിനുള്ളിൽ നിക്ഷേപങ്ങൾ ഇടിയുകയും, വിലക്കയറ്റം രൂക്ഷമാകുകയും ചെയ്താൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും താൻ നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ‘ലിബറേഷൻ ഡേ’ എന്ന പേരിൽ ട്രംപ് തീരുവ പ്രഖ്യാപിച്ചതിനെക്കുറിച്ചും ക്രൂസ് പരിഹസിച്ചു. ആ വാക്കുകൾ ഉപയോഗിക്കുന്നത് തന്നെ അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാക്കാൻ വൈറ്റ് ഹൗസിനോട് ശക്തമായി ഇടപെട്ടതായും ക്രൂസ് ഓഡിയോയിൽ പറയുന്നു. എന്നാൽ കരാറിനെ എതിര്‍ത്തത് പീറ്റർ നവാരോയും ജെ.ഡി. വാൻസുമാണെന്നും, ചിലപ്പോഴൊക്കെ ട്രംപും ഇതിൽ പങ്കാളിയായിരുന്നുവെന്നും ക്രൂസ് ആരോപിച്ചു. ജെ.ഡി. വാൻസിനെ കൺസർവേറ്റീവ് പോഡ്കാസ്റ്റർ ടക്കർ കാൾസന്റെ സ്വാധീനത്തിലുള്ള നേതാവായാണ് ക്രൂസ് ചിത്രീകരിച്ചത്.
വാൻസ് കാൾസന്റെ വിദേശനയ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്നുവെന്ന വിമർശനവും ക്രൂസ് ഉന്നയിച്ചു. അതേസമയം, ക്രൂസിൻ്റെ ഈ വെളിപ്പെടുത്തലുകൾ ട്രംപ് ഭരണകൂടത്തിനുള്ളിലെ അഭിപ്രായ ഭിന്നതകൾ കൂടുതൽ ശക്തമാണെന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Did Trump and Vanguard block the India-US trade deal? Senator Ted Cruz’s audio leaked














