
വാഷിംഗ്ടൺ: 2027 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി വിസ ലോട്ടറി ഫലങ്ങൾ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പ്രസിദ്ധീകരിച്ചു. എന്നാൽ ലോട്ടറിയിൽ പേര് വന്നതുകൊണ്ട് മാത്രം ഒരാൾക്ക് അമേരിക്കയിലേക്കുള്ള വഴി തെളിഞ്ഞുവെന്ന് അർത്ഥമില്ല. ലോട്ടറിയിൽ തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള 90 ദിവസത്തിനുള്ളിൽ കൃത്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം. ഇവ അംഗീകരിക്കപ്പെട്ടാൽ ഒക്ടോബർ 1 മുതൽ ജോലിയിൽ പ്രവേശിക്കാം.
അതേസമയം, ലോട്ടറി ലഭിച്ച പല അപേക്ഷകളും പിന്നീട് നിരസിക്കപ്പെടാറുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഒൻപതിനായിരത്തോളം അപേക്ഷകളാണ് യുഎസ്‌സിഐഎസ് തള്ളിയത്. പ്രധാനമായും ആറ് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്:
- തൊഴിലിൻ്റെ പ്രത്യേകത : ജോലിക്ക് പ്രത്യേക വൈദഗ്ധ്യം (STEM മേഖലയിലേതുപോലെ) ആവശ്യമില്ലെന്ന് തോന്നിയാൽ അപേക്ഷ നിരസിക്കാം.
- തൊഴിലുടമ-തൊഴിലാളി ബന്ധം: തേർഡ് പാർട്ടി കൺസൾട്ടൻസി വഴി അപേക്ഷിക്കുമ്പോൾ കമ്പനിയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിൽ വ്യക്തതയില്ലെങ്കിൽ തിരിച്ചടിയാകും.
- രേഖകളിലെ കുറവുകൾ: ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളിലെ പോരായ്മകൾ.
- LCA പ്രശ്നങ്ങൾ: ലേബർ കണ്ടീഷൻ ആപ്ലിക്കേഷനിലെ (LCA) വിവരങ്ങളും അപേക്ഷയിലെ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ.
- തട്ടിപ്പ്/തെറ്റായ വിവരങ്ങൾ: അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ എന്തെങ്കിലും കൃത്രിമം സംശയിച്ചാൽ അപേക്ഷ തള്ളും.
- RFE മറുപടി: കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട് യുഎസ്‌സിഐഎസ് നൽകുന്ന നോട്ടീസിന് (Request for Evidence) കൃത്യമായ മറുപടി നൽകാതിരിക്കുക.
എത്ര തവണ ലോട്ടറിയിൽ പങ്കെടുക്കാം?
എച്ച്-1ബി ലോട്ടറിയിൽ പങ്കെടുക്കുന്നതിന് നിയമപരമായി എണ്ണത്തിൽ പരിധിയില്ല. തൊഴിലുടമ തയ്യാറാണെങ്കിൽ എത്ര തവണ വേണമെങ്കിലും ഒരാൾക്ക് ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കാം. സാധാരണഗതിയിൽ STEM OPT വിദ്യാർത്ഥികൾക്ക് പഠനശേഷം ലഭിക്കുന്ന മൂന്ന് വർഷത്തെ വർക്ക് പെർമിറ്റ് കാലയളവിൽ മൂന്ന് തവണ അവസരം ലഭിക്കും. ഈ കാലാവധിക്ക് ശേഷം വീണ്ടും മറ്റൊരു കോഴ്സിന് ചേർന്ന് സ്റ്റുഡന്റ് വിസയിലേക്ക് മാറുന്നവർക്ക് തുടർന്നും അവസരങ്ങൾ ലഭിക്കാറുണ്ട്. എങ്കിലും പ്രായോഗികമായി ആറ് മുതൽ ഏഴ് വർഷം വരെയാണ് മിക്കവർക്കും ഈ അവസരം പ്രയോജനപ്പെടുത്താനാവുക.
എന്താണ് എച്ച് 1 ബി വിസ
എച്ച്-1ബി വിസ എന്നത് അമേരിക്കൻ കമ്പനികൾക്ക് വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ അനുവാദം നൽകുന്ന ഒരു നോൺ-ഇമിഗ്രൻ്റ് വിസയാണ്. ശാസ്ത്രം, എഞ്ചിനീയറിംഗ്, ഐടി (IT), കണക്ക്, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസവും (കുറഞ്ഞത് ബാച്ചിലേഴ്സ് ഡിഗ്രി) പ്രത്യേക വൈദഗ്ധ്യവും ഉള്ളവർക്കാണ് ഈ വിസ നൽകുന്നത്. ഈ വിസയ്ക്ക് വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. ഒരു അമേരിക്കൻ കമ്പനി നിങ്ങളെ ജോലിക്ക് എടുക്കാൻ തയ്യാറാകുകയും അവർ നിങ്ങൾക്കുവേണ്ടി യുഎസ് സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും വേണം.
ഓരോ വർഷവും അനുവദിക്കുന്ന വിസകളുടെ എണ്ണത്തിന് പരിധിയുണ്ട് (സാധാരണയായി 85,000). അപേക്ഷകരുടെ എണ്ണം ഇതിലും കൂടുതലായതിനാൽ ‘ലോട്ടറി’ രീതിയിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.
കാലാവധി: സാധാരണയായി 3 വർഷത്തേക്കാണ് ഈ വിസ നൽകുന്നത്. ഇത് പിന്നീട് 6 വർഷം വരെ നീട്ടാൻ സാധിക്കും. എച്ച്-1ബി വിസയുള്ളവർക്ക് അവരുടെ പങ്കാളിയെയും കുട്ടികളെയും H-4 വിസ വഴി അമേരിക്കയിലേക്ക് കൊണ്ടുപോകാൻ സാധിക്കും. മറ്റ് പല താൽക്കാലിക വിസകളിൽ നിന്നും വ്യത്യസ്തമായി, എച്ച്-1ബി വിസയിൽ ഇരിക്കുമ്പോൾ തന്നെ അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകാൻ സാധിക്കും എന്നതാണ് ഇതിൻ്റെ വലിയൊരു പ്രത്യേകത.
ചുരുക്കത്തിൽ, ലോകമെമ്പാടുമുള്ള ഐടി പ്രൊഫഷണലുകളും മറ്റ് വിദഗ്ധരും അമേരിക്കയിൽ പോയി ജോലി ചെയ്യാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിസയാണിത്.
Did you win the H-1B lottery? But be careful; these 6 reasons are enough to get your application rejected















