
വാഷിംഗ്ടൺ: അമേരിക്കയിലെ ‘ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ (ഡോജ്) ജീവനക്കാർ പൗരന്മാരുടെ അതീവ രഹസ്യസ്വഭാവമുള്ള സോഷ്യൽ സെക്യൂരിറ്റി വിവരങ്ങൾ ദുരുപയോഗം ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് കോടതിയിൽ വെളിപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഒരു സ്വകാര്യ സെർവറിലേക്ക് വിവരങ്ങൾ മാറ്റിയതായാണ് കണ്ടെത്തൽ. ഏജൻസി ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡോജ് ജീവനക്കാരൻ വിവരങ്ങൾ ചോർത്തിയത്. ഔദ്യോഗിക രേഖകൾ സൂക്ഷിക്കാൻ അനുമതിയില്ലാത്ത ഒരു ‘തേർഡ് പാർട്ടി’ സെർവറിലേക്കാണ് ഈ വിവരങ്ങൾ കൈമാറിയതെന്ന് ചൊവ്വാഴ്ച സമർപ്പിച്ച കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഏകദേശം 30 കോടിയിലധികം അമേരിക്കക്കാരുടെ സോഷ്യൽ സെക്യൂരിറ്റി വിവരങ്ങളാണ് ഇത്തരത്തിൽ അപകടത്തിലായിരിക്കുന്നത്. ഈ വിവരങ്ങൾ ഇപ്പോഴും ആ സെർവറിൽ നിലനിൽക്കുന്നുണ്ടോ എന്നും ഏതൊക്കെ വിവരങ്ങളാണ് കൈമാറിയത് എന്നും കണ്ടെത്താൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന് ഇതുവരെ സാധിച്ചിട്ടില്ല. സോഷ്യൽ സെക്യൂരിറ്റിയുടെ ചീഫ് ഡാറ്റാ ഓഫീസറായിരുന്ന ചാൾസ് ബോർഗസ് ആണ് ഈ നിയമലംഘനം ആദ്യം പുറത്തുകൊണ്ടുവന്നത്. സുരക്ഷിതമല്ലാത്ത ക്ലൗഡ് കമ്പ്യൂട്ടിംഗ് സെർവറിലേക്ക് വിവരങ്ങൾ പകർത്തിയത് വഴി കോടിക്കണക്കിന് ആളുകളുടെ സ്വകാര്യത ഭീഷണിയിലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സർക്കാർ പേയ്‌മെന്റുകളിലെ തട്ടിപ്പുകൾ കണ്ടെത്താനും മരിച്ചവരുടെ പേരിലുള്ള അനധികൃത പണമിടപാടുകൾ തടയാനുമാണ് തങ്ങൾ വിവരങ്ങൾ ശേഖരിച്ചതെന്നാണ് ഡോജിന്‍റെ വാദം. എന്നാൽ അതിനായി സ്വീകരിച്ച മാർഗ്ഗങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഇപ്പോൾ തെളിയുന്നത്. ഡോജ് ജീവനക്കാർ സെൻസിറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ട്രംപ് ഭരണകൂടം ആദ്യമായാണ് ഔദ്യോഗികമായി സമ്മതിക്കുന്നത്. ഇത് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.










