ഡോണൾഡ്, നമുക്ക് കരാറിലെത്താം എത്താം എന്ന് മാക്രോൺ അപേക്ഷിച്ചു; ഫ്രഞ്ച് പ്രസിഡന്‍റിനെ പരിഹസിച്ച് ട്രംപ്, ഭീഷണിപ്പെടുത്തി കാര്യം നേടിയെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ പരസ്യമായി പരിഹസിച്ചും വിദേശ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി മരുന്ന് വില വർധിപ്പിച്ചെന്ന് അവകാശപ്പെട്ടും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി നിയമനിർമ്മാതാക്കളെ അഭിസംബോധന ചെയ്യവെയാണ് മാക്രോണിന്റെ സംസാരരീതി അനുകരിച്ചുകൊണ്ട് ട്രംപ് വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. ഫ്രാൻസിൽ നിന്നുള്ള എല്ലാ ഇറക്കുമതി ഉൽപ്പന്നങ്ങൾക്കും 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മരുന്ന് വില മൂന്നിരട്ടിയായി വർധിപ്പിക്കാൻ പാരീസിനെ നിർബന്ധിതരാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു.

പതിറ്റാണ്ടുകളായി അമേരിക്ക ആഗോള ആരോഗ്യമേഖലയ്ക്ക് സബ്‌സിഡി നൽകുകയാണെന്നും തന്റെ ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ നയം രാജ്യങ്ങളെ ഇതിന് വഴങ്ങാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കക്കാർ നൽകുന്നതിനേക്കാൾ 14 മടങ്ങ് കുറഞ്ഞ നിരക്കിലാണ് ഫ്രഞ്ച് ഉപഭോക്താക്കൾ മരുന്നുകൾ വാങ്ങുന്നതെന്നും ഇത് മാറ്റണമെന്ന തന്റെ ആവശ്യം ആദ്യം മാക്രോൺ നിരസിച്ചതായും ട്രംപ് പറഞ്ഞു.

എന്നാൽ ഫ്രഞ്ച് ഷാംപെയ്‌നുകൾക്കും വൈനുകൾക്കും വൻതോതിൽ നികുതി ഏർപ്പെടുത്തുമെന്ന് താൻ അന്ത്യശാസനം നൽകിയതോടെ മാക്രോൺ വഴങ്ങുകയായിരുന്നു. “ഡോണൾഡ്, നമുക്ക് കരാറിലെത്താം, മരുന്ന് വില 200 ശതമാനം വർധിപ്പിക്കാം, പക്ഷേ ഇത് ജനങ്ങളോട് പറയരുത്” എന്ന് മാക്രോൺ തന്നെ അപേക്ഷിച്ചതായും ട്രംപ് പരിഹസിച്ചു. സമാനമായ രീതിയിൽ പല രാജ്യങ്ങളും 3.2 മിനിറ്റിനുള്ളിൽ തന്റെ ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും, ഫ്രാൻസിൽ 10 ഡോളർ വിലയുണ്ടായിരുന്ന മരുന്നുകൾക്ക് ഇപ്പോൾ 30 ഡോളറായെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ ഈ പരാമർശങ്ങളോട് ഫ്രഞ്ച് സർക്കാരോ പ്രസിഡന്‍റ് മാക്രോണോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide