
വാഷിംഗ്ടൺ: വനിതാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ട്രാൻസ്‌ജെൻഡർ താരങ്ങളെ അനുകരിക്കുകയും പരിഹസിക്കുകയും ചെയ്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ കടുത്ത വിമർശനം. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ഹൗസ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ യോഗത്തിലാണ് ട്രംപ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഒരു വനിതാ വെയ്റ്റ്‌ലിഫ്റ്റർ ട്രാൻസ്‌ജെൻഡർ എതിരാളിയോട് മത്സരിക്കുന്ന സാഹചര്യം മുഖഭാവങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയും ട്രംപ് പരിഹസിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടായ ‘റാപ്പിഡ് റെസ്പോൺസ് 47’ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. തന്റെ ഇത്തരത്തിലുള്ള പ്രകടനങ്ങൾ ഭാര്യ മെലാനിയ ട്രംപിന് ഇഷ്ടമല്ലെന്ന് പ്രസംഗത്തിനിടെ അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം പ്രവർത്തികൾ ഒരു പ്രസിഡന്റിന് ചേർന്നതല്ലെന്ന് മെലാനിയ പറയാറുണ്ടെന്നും, എന്നാൽ താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെയൊക്കെ തന്നെയാണെന്നുമാണ് ട്രംപ് സദസ്സിനോട് പറഞ്ഞത്.
ട്രംപിന്റെ പരിഹാസത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ദുർബലമായ ഒരു വിഭാഗത്തെ വെറും തമാശയ്ക്കായി തരംതാഴ്ത്തുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. രാജ്യം ഗൗരവകരമായ വിഷയങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഒരു രാഷ്ട്രത്തലവൻ ഇത്തരം വിലകുറഞ്ഞ തമാശകൾക്ക് സമയം കണ്ടെത്തുന്നത് ലജ്ജാകരമാണെന്നും പലരും അഭിപ്രായപ്പെട്ടു.















