ചന്ദ്രനെ ലക്ഷ്യമിട്ട് ട്രംപ്! ബഹിരാകാശത്ത് അമേരിക്കൻ ആധിപത്യം ലക്ഷ്യം; ചൈനയുമായുള്ള മത്സരത്തിൽ നിർണ്ണായക നീക്കങ്ങളുമായി നാസ

വാഷിംഗ്ടൺ: അർദ്ധശതാബ്ദത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുന്ന 2026 ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുടെ വർഷമാകാൻ ഒരുങ്ങുന്നു. ആർട്ടെമിസ് 2 വിക്ഷേപണത്തിലൂടെ ചന്ദ്രനെ വലംവെക്കാൻ ബഹിരാകാശ സഞ്ചാരികൾ തയ്യാറെടുക്കുമ്പോൾ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ സംഭവിക്കുന്ന നേതൃമാറ്റം ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ശതകോടീശ്വരനും സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജാരെഡ് ഐസക്മാൻ നാസയുടെ തലപ്പത്തേക്ക് എത്തുന്നതോടെ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രോപരിതലത്തിൽ വീണ്ടും കാലുകുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് ചൈനയിൽ നിന്നുള്ള കടുത്ത വെല്ലുവിളിയാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ, ചൈനയുമായുള്ള മത്സരത്തിൽ മുൻതൂക്കം നേടുക എന്നത് നാസയുടെ ഏറ്റവും വലിയ മുൻഗണനയായി മാറിയിരിക്കുന്നു. ഡോണൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ‘അമേരിക്കൻ ബഹിരാകാശ മേധാവിത്വം’ എന്ന നയം നടപ്പിലാക്കാൻ ഐസക്മാന്റെ നേതൃത്വം വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ. ചൈനയുടെ ചാങ്-ഇ പ്രോജക്റ്റിന് മുൻപേ അമേരിക്കൻ പതാക ചന്ദ്രനിൽ വീണ്ടും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ബഹിരാകാശ നയങ്ങളുടെ കാര്യത്തിൽ ഇതൊരു വലിയ വഴിത്തിരുത്തലാണെന്നും മുൻപത്തേക്കാൾ വേഗത്തിൽ ഫലങ്ങൾ ഉണ്ടാക്കാൻ പുതിയ നേതൃത്വത്തിന് സാധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ അടുത്ത സുഹൃത്തായ ഐസക്മാൻ ചുമതലയേറ്റ ഉടൻ തന്നെ അമേരിക്കയുടെ ആഗോള നേതൃത്വം ഉറപ്പാക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും നിർണ്ണായകമായ ഒരു കാലഘട്ടത്തിലേക്കാണ് ലോകം ഇപ്പോൾ കാൽവെക്കുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്.

More Stories from this section

family-dental
witywide