ഇന്ത്യയോട് തോറ്റിട്ട് 24 മണിക്കൂർ കഴിഞ്ഞു, ലോകകപ്പ് നടക്കുന്നുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്ന് ട്രംപ്; യുഎസ്എ ടീമിന് പിന്തുണ

വാഷിംഗ്ടൺ: ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് ഏകദേശം 24 മണിക്കൂർ കഴിഞ്ഞതിന് പിന്നാലെ അമേരിക്കൻ ക്രിക്കറ്റ് ടീമിന് വിജയാശംസകളുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ മത്സരം അവസാനിച്ച ശേഷമുള്ള ഈ ‘വൈകിയെത്തിയ’ സന്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

ട്രംപിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു: “ഇന്ത്യയിൽ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്! ടീം യുഎസ്എയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നു. നമുക്ക് വളരെ ശക്തമായ ഒരു ടീമുണ്ട്. അമേരിക്ക നിങ്ങളെ പിന്തുണയ്ക്കുന്നു!” ഫെബ്രുവരി 8-ന് രാത്രിയാണ് ട്രംപ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. എന്നാൽ ശനിയാഴ്ച രാത്രി മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചിരുന്നു. ഇന്ത്യയെ ആദ്യം വെല്ലുവിളിച്ച ശേഷമാണ് അമേരിക്ക പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് നഷ്ടത്തിൽ പ്രതിരോധത്തിലായിരുന്നു. എന്നാൽ നായകൻ സൂര്യകുമാർ യാദവിന്റെ (84 നോട്ടൗട്ട്) മികവിലാണ് ഇന്ത്യ 161 റൺസിലെത്തിയത്. ദക്ഷിണാഫ്രിക്കൻ വംശജനായ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് 25 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തു. മറുപടി ബാറ്റിംഗിൽ അമേരിക്കയെ മുഹമ്മദ് സിറാജ് (3/29) മികച്ച പ്രകടനത്തോടെ തകർത്തു. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി എത്തിയ സിറാജിന്റെ ബൗളിംഗാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

Also Read

More Stories from this section

family-dental
witywide