
ന്യൂയോർക്ക്/ലണ്ടൻ: ഗ്രീൻലാൻഡിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യൂറോപ്യൻ നേതാക്കളും തമ്മിലുള്ള പോര് കടുത്തതോടെ ആഗോള ഓഹരി വിപണികൾ കനത്ത തകർച്ച നേരിടുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ അമേരിക്കൻ വിപണികൾ കുത്തനെ ഇടിയുകയും യൂറോപ്യൻ വിപണികളിൽ വലിയ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ യുഎസ് സൂചികയായ ഡൗ ജോൺസ് 728 പോയിന്റുകൾ (1.47%) ഇടിഞ്ഞു. എസ് ആൻഡ് പി 500 (S&P 500) 1.4 ശതമാനവും, സാങ്കേതിക ഓഹരികൾക്ക് മുൻതൂക്കമുള്ള നാസ്ഡാക് (Nasdaq) 1.7 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
വിപണിയിലെ അനിശ്ചിതത്വം അളക്കുന്ന ‘വിക്സ്’ വൊളാറ്റിലിറ്റി ഇൻഡക്സ് 28 ശതമാനം വർധിച്ച് 20ന് മുകളിലെത്തി. നവംബറിന് ശേഷം ആദ്യമായാണ് വിപണിയിലെ ഭീതി ഇത്രയധികം ഉയരുന്നത്. യൂറോപ്പിലെ പ്രധാന സൂചികയായ സ്റ്റോക്സ് 600 ചൊവ്വാഴ്ച 1.26 ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ചയും ഈ സൂചിക 1.19 ശതമാനം ഇടിഞ്ഞ് നവംബറിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനം നടത്തിയിരുന്നു.
പ്രസിഡന്റ് ട്രംപ് സൃഷ്ടിച്ച മറ്റൊരു ഭൗമരാഷ്ട്രീയ പ്രതിസന്ധിയാണിതെന്ന് യാർഡേനി റിസർച്ച് പ്രസിഡന്റ് എഡ് യാർഡേനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ താരിഫ് പ്രതിസന്ധി പോലെ, പ്രസിഡന്റ് തന്റെ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വിപണിയെ ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപകർ ഡോളറും ബോണ്ടുകളും വിറ്റഴിക്കുന്ന ‘സെൽ അമേരിക്ക’ രീതിയിലേക്ക് മാറിയതോടെ ഡോളർ സൂചികയിൽ 0.89 ശതമാനത്തിന്റെ വലിയ ഇടിവുണ്ടായി. അതേസമയം, 10 വർഷത്തെ യുഎസ് ട്രഷറി യീൽഡ് 4.29 ശതമാനമായി ഉയർന്ന് സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി.














