
ന്യൂഡൽഹി : നിയന്ത്രണ രേഖയ്ക്ക് (LoC) സമീപം പാകിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി സെക്ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ കണ്ടതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും പ്രദേശത്ത് തിരച്ചിൽ ശക്തമാക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ആയുധങ്ങൾ, ലഹരിവസ്തുക്കൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടത്താനാണ് പാകിസ്ഥാൻ ഡ്രോണുകളെ പ്രധാനമായും ഉപയോഗിക്കുന്നത്. അത്തരത്തിലൊരു നീക്കമാണോ ഇതെന്ന് അറിയാൻ വ്യാപക പരിശോധന നടത്തുന്നുണ്ട്. അതിർത്തിയിൽ ഡ്രോൺ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ ആധുനിക ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ (Anti-drone systems) സൈന്യം വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ സാംബ സെക്ടറിലെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ആയുധങ്ങളുമായി എത്തിയ ഡ്രോൺ കണ്ടെത്തിയിരുന്നു. ഇത് പാക് അധീന കശ്മീരിൽ (PoK) നിന്ന് എത്തിയതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോൺ ഉപേക്ഷിച്ച പാക്കറ്റിൽ നിന്ന് പിസ്റ്റളുകൾ, മാഗസിനുകൾ, വെടിയുണ്ടകൾ, സ്റ്റിക്കി ബോംബുകൾ എന്നിവ സൈന്യം കണ്ടെടുത്തു. അതിർത്തിയിൽ ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടയുടനെ സുരക്ഷാ സേന വെടിയുതിർത്തു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
Drones again present at the border, army opens fire.















