
ഹൂസ്റ്റൺ: ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ-അമേരിക്ക യുദ്ധം നീണ്ടുപോകുന്നത് ആഗോള ഊർജ്ജ വിപണിയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. അടുത്ത മാസം മുതൽ യൂറോപ്പിൽ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുമെന്ന് ഷെൽ സി.ഇ.ഒ വേൽ സാവനും ജർമ്മൻ സാമ്പത്തിക മന്ത്രി കാതറിന റെയ്ഷെയും മുന്നറിയിപ്പ് നൽകി. ടെക്സസിൽ നടക്കുന്ന സിറാവീക്ക് ഊർജ്ജ കോൺഫറൻസിലാണ് ഇരുവരും ആശങ്ക പങ്കുവെച്ചത്.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതും മിഡിൽ ഈസ്റ്റിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുമാണ് വിതരണ ശൃംഖലയെ തകർത്തത്. നിലവിൽ വിമാന ഇന്ധനത്തിന്റെ ലഭ്യതയെ ഇത് ബാധിച്ചു കഴിഞ്ഞു. അടുത്തതായി ഡീസൽ, പെട്രോൾ എന്നിവയുടെ വിതരണത്തിലും വലിയ കുറവുണ്ടാകുമെന്ന് വേൽ സാവൻ വ്യക്തമാക്കി. ദക്ഷിണേഷ്യയെയാണ് ഈ പ്രതിസന്ധി ആദ്യം ബാധിച്ചതെന്നും ഏപ്രിൽ മാസത്തോടെ ഇത് യൂറോപ്പിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ഉടൻ അവസാനിച്ചില്ലെങ്കിൽ ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തോടെ ജർമ്മനിയിലും ഇന്ധന ലഭ്യതയിൽ കുറവുണ്ടാകുമെന്ന് ജർമ്മൻ സാമ്പത്തിക മന്ത്രി കാതറിന റെയ്ഷെ പറഞ്ഞു. നിലവിൽ സ്റ്റോക്കുകളിൽ കുറവില്ലെങ്കിലും യുദ്ധം നീളുന്നത് വരും മാസങ്ങളിൽ സ്ഥിതി വഷളാക്കും. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ബദൽ മാർഗ്ഗങ്ങൾ തേടുകയാണെങ്കിലും മിഡിൽ ഈസ്റ്റിലെ സംഘർഷം പരിഹരിക്കപ്പെടാതെ പ്രതിസന്ധിക്ക് അറുതിയുണ്ടാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.












