
ന്യൂയോർക്ക്: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീൻ്റെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർ നൽകിയ കേസിൽ ബാങ്ക് ഓഫ് അമേരിക്ക 72.5 ദശലക്ഷം ഡോളർ (ഏകദേശം 600 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ ധാരണയായി. എപ്‌സ്റ്റീൻ്റെ പെൺവാണിഭ ശൃംഖലയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും ബാങ്ക് ഒത്താശ ചെയ്തുവെന്നാരോപിച്ച് ഇരകൾ നൽകിയ കൂട്ടഹർജിയിലാണ് ഈ ഒത്തുതീർപ്പ്.
ഫ്ലോറിഡ സ്വദേശിനിയായ യുവതിയാണ് ബാങ്കിനെതിരെ കോടതിയെ സമീപിച്ചത്. 2011-നും 2019-നും ഇടയിൽ നൂറിലധികം തവണ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും, എപ്‌സ്റ്റീൻ്റെ നിർദ്ദേശപ്രകാരം ബാങ്ക് ഓഫ് അമേരിക്കയിൽ തനിക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. എപ്‌സ്റ്റീൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നിട്ടും ലാഭം ലക്ഷ്യമിട്ട് ബാങ്ക് അത് അവഗണിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ബാങ്ക് ഓഫ് അമേരിക്കയ്ക്ക് പുറമെ മറ്റ് പ്രമുഖ ബാങ്കുകളായ ജെ.പി മോർഗൻ ചേസ് 290 ദശലക്ഷം ഡോളറും, ഡച്ച് ബാങ്ക് 75 ദശലക്ഷം ഡോളറും ഇരകൾക്ക് നഷ്ടപരിഹാരം നൽകി സമാനമായ രീതിയിൽ നേരത്തെ കേസ് ഒത്തുതീർപ്പാക്കിയിരുന്നു.
അതേസമയം, തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കേസ് നടപടികൾ അവസാനിപ്പിക്കാനാണ് ഈ തുക നൽകുന്നതെന്നും ബാങ്ക് ഓഫ് അമേരിക്ക വ്യക്തമാക്കി. അപ്പോളോ ഗ്ലോബൽ സഹസ്ഥാപകനായ ശതകോടീശ്വരൻ ലിയോൺ ബ്ലാക്ക്, നികുതി ആവശ്യങ്ങൾക്കായി എപ്‌സ്റ്റീന് തന്റെ ബാങ്ക് ഓഫ് അമേരിക്ക അക്കൗണ്ട് വഴി 150 ദശലക്ഷം ഡോളറിലധികം നൽകിയതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇരകൾക്ക് നീതി ലഭിക്കുന്നതിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിതെന്ന് അവരുടെ അഭിഭാഷക പ്രതികരിച്ചു. ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഈ ഒത്തുതീർപ്പ് കരാറിന് ഇനി ജഡ്ജിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
Epstein case: Bank of America to pay $72.5 million in compensation to victims














