
വാഷിംഗ്ടൺ ഡി.സി: ആഗോളതലത്തിൽ ചർച്ചയായ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക പീഡനക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ വിളിപ്പിക്കാൻ യുഎസ് കോൺഗ്രസ് സമിതി തീരുമാനിച്ചു. കേസ് അന്വേഷണത്തിൽ നീതിന്യായ വകുപ്പ് മനപ്പൂർവ്വം വിവരങ്ങൾ മറച്ചുവെക്കുന്നു എന്ന ഗുരുതരമായ ആരോപണങ്ങൾക്കിടെയാണ് ഈ നീക്കം.
റിപ്പബ്ലിക്കൻ നിയമനിർമ്മാതാവായ നാൻസി മേസ് ആണ് ബോണ്ടിയെ വിളിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഒളിച്ചുകളികളിലൊന്നാണ് എപ്‌സ്റ്റീൻ കേസെന്നും, പുറത്തുവന്നതിനേക്കാൾ വലിയ ശൃംഖലയാണ് ഇതിന് പിന്നിലുള്ളതെന്നും നാൻസി മേസ് ആരോപിച്ചു.
എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട മൂന്ന് ദശലക്ഷം രേഖകൾ ഇതിനകം പുറത്തുവിട്ടെങ്കിലും, ദശലക്ഷക്കണക്കിന് രേഖകൾ ഇനിയും പുറത്തുവിടാനുണ്ടെന്ന് സമിതി നിരീക്ഷിച്ചു. പ്രധാനപ്പെട്ട ഓഡിയോ, വീഡിയോ ദൃശ്യങ്ങളും ലോഗ് ബുക്കുകളും കാണാനില്ലെന്ന് നാൻസി മേസ് ചൂണ്ടിക്കാട്ടി.
അന്വേഷണ ഫയലുകൾ പുറത്തുവിട്ടപ്പോൾ ഇരകളുടെ വിവരങ്ങൾ കൃത്യമായി മറച്ചുവെക്കുന്നതിൽ വീഴ്ച വരുത്തിയതായും അതേസമയം കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയാണ് സ്വീകരിച്ചതെന്നും ട്രംപ് ഭരണകൂടത്തിനും പാം ബോണ്ടിക്കുമെതിരെ വിമർശനമുയർന്നു.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരായ ലൈംഗികാരോപണങ്ങൾ അടങ്ങിയ ഫയലുകൾ നീതിന്യായ വകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഡെമോക്രാറ്റിക് അംഗം റോബർട്ട് ഗാർഷ്യ ആരോപിച്ചു. താൻ നേരിട്ട് കണ്ട രേഖകൾ പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നില്ലെന്നാണ് അദ്ദേഹത്തിൻ്റെ വാദം. എന്നാൽ, നിയമപരമായ കാരണങ്ങളാലാണ് ചില രേഖകൾ മാറ്റിവെച്ചതെന്നും ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ലെന്നുമാണ് നീതിന്യായ വകുപ്പിൻ്റെ വിശദീകരണം.
കഴിഞ്ഞയാഴ്ച ഈ കേസിൻ്റെ ഭാഗമായി മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും ഹിലരി ക്ലിൻ്റണും സമിതിക്ക് മുൻപാകെ മൊഴി നൽകിയിരുന്നു. അന്വേഷണ ഫയലുകളിൽ ബിൽ ക്ലിൻ്റൻ്റെ പേരും ചിത്രങ്ങളും ഉണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഇരകൾ നേരിട്ട് കുറ്റങ്ങൾ ആരോപിച്ചിട്ടില്ല. കേസിൽ സമഗ്രമായ അന്വേഷണവും കൂടുതൽ വ്യക്തതയും ആവശ്യപ്പെട്ട് കോൺഗ്രസ് സമിതി സമ്മർദ്ദം ശക്തമാക്കുകയാണ്.
Epstein case: US Attorney General Pam Bondi summoned















