എപ്‌സ്റ്റീൻ വിവാദം ആളുന്നു; യു.കെ പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്നും, ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറില്ലെന്നും സ്റ്റാർമർ

ന്യൂഡൽഹി: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവന്നതോടെ ഉയർന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി യു കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. താൻ രാജിവെക്കില്ലെന്നും തൻ്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുള്ള പീറ്റർ മണ്ടൽസണെ യുഎസ് അംബാസഡറായി നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.

രാജിവെക്കണമെന്ന സമ്മർദ്ദം ശക്തമാണെങ്കിലും, തനിക്ക് ലഭിച്ച ജനവിധിയിൽ നിന്ന് ഒളിച്ചോടാൻ തയ്യാറല്ലെന്ന് സ്റ്റാർമർ ലേബർ എംപിമാരോട് പറഞ്ഞു. വിവാദത്തെത്തുടർന്ന് സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്സ്വീനിയും, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടിം അലനും രാജി സമർപ്പിച്ചു. മണ്ടൽസണെ നിയമിക്കാൻ ശുപാർശ ചെയ്തതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് മക്സ്വീനി രാജിവെച്ചത്.

2008-2009 കാലഘട്ടത്തിൽ സർക്കാർ വിവരങ്ങൾ മണ്ടൽസൺ എപ്‌സ്റ്റീന് ചോർത്തി നൽകിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതേത്തുടർന്ന് അദ്ദേഹം ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് രാജിവെച്ചിരുന്നു. മണ്ടൽസണെ നിയമിക്കുമ്പോൾ അദ്ദേഹത്തിന് എപ്‌സ്റ്റീനുമായി ഇത്രത്തോളം ആഴത്തിലുള്ള ബന്ധമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, മണ്ടൽസൺ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സ്റ്റാർമർ പറഞ്ഞു. ഇരകളോട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

സ്കോട്ടിഷ് ലേബർ പാർട്ടി നേതാവ് അനസ് സർവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സ്റ്റാർമർ ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ക്യാബിനറ്റ് മന്ത്രിമാർ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Epstein controversy : Starmer says UK PM will not resign amid controversy

Also Read

More Stories from this section

family-dental
witywide