
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വെളിപ്പെടുത്തി പ്രശസ്ത ഫോറൻസിക് പതോളജിസ്റ്റ് ഡോ. മൈക്കൽ ബാഡൻ രംഗത്ത്. 2019 ഓഗസ്റ്റിൽ നടന്ന എപ്സ്റ്റീൻ്റെ പോസ്റ്റ്‌മോർട്ടത്തിൽ കുടുംബത്തിനുവേണ്ടി സാക്ഷിയായി പങ്കെടുത്ത അദ്ദേഹം അടുത്തിടെയാണ് ഈ വാദങ്ങൾ വീണ്ടും ഉന്നയിച്ചത്.
എപ്സ്റ്റീൻ്റെ കഴുത്തിലെ മൂന്ന് അസ്ഥികൾക്ക് (ഹയോയിഡ് അസ്ഥി, തൈറോയ്ഡ് കാർട്ടിലേജ് എന്നിവ) ഒടിവുണ്ടായിരുന്നു. തൂങ്ങിമരണങ്ങളിൽ ഇത്തരത്തിൽ മൂന്ന് ഒടിവുകൾ സംഭവിക്കുന്നത് വളരെ അപൂർവ്വമാണെന്നും ഇത് കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിൻ്റെ ലക്ഷണമാണെന്നും അദ്ദേഹം വാദിക്കുന്നു.
എപ്സ്റ്റീൻ്റെ മരണം തൂങ്ങിമരണമാണെന്ന ന്യൂയോർക്ക് മെഡിക്കൽ എക്സാമിനറുടെ ഔദ്യോഗിക റിപ്പോർട്ട് ബാഡൻ തള്ളിക്കളയുന്നു. കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.
കൊല്ലപ്പെടുന്ന രീതിയിൽ കഴുത്ത് ഞെരിക്കുമ്പോൾ സംഭവിക്കാറുള്ള ‘കണ്ണുകളിലെ രക്തസ്രാവം’ എപ്സ്റ്റീൻ്റെ ശരീരത്തിൽ കണ്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എങ്കിലും, എപ്സ്റ്റീൻ്റെ മരണം തൂങ്ങിമരണത്തിലൂടെയുള്ള ആത്മഹത്യ ആണെന്ന ഔദ്യോഗിക നിലപാടിൽ ന്യൂയോർക്ക് സിറ്റി ചീഫ് മെഡിക്കൽ എക്സാമിനർ ഡോ. ബാർബറ സാംപ്‌സൺ ഉറച്ചുനിൽക്കുന്നു. എഫ്.ബി.ഐയുടെയും യു.എസ് നീതിന്യായ വകുപ്പിൻ്റെയും അന്വേഷണങ്ങളിലും ഇത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്
അമേരിക്കൻ കോടീശ്വരനും സാമ്പത്തിക വിദഗ്ധനുമായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ കൗമാരക്കാരായ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും കടത്തുകയും ചെയ്ത കേസുകളിൽ ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ്. 2019 ഓഗസ്റ്റ് 10-ന് ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള മെട്രോപൊളിറ്റൻ കറക്ഷണൽ സെൻ്ററിലെ (MCC) ജയിൽ സെല്ലിലാണ് എപ്‌സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എപ്‌സ്റ്റീൻ്റെ മരണത്തിൽ അന്നുതൊട്ടേ വലിയ ദുരൂഹതകൾ നിലനിന്നിരുന്നു. ജയിലിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാതിരുന്നത്, സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താതിരുന്നത് തുടങ്ങിയ വീഴ്ചകൾ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദങ്ങൾക്ക് ശക്തി പകർന്നു.
ലോകത്തെ പ്രമുഖ രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്നതിനാൽ, അയാളെ നിശബ്ദനാക്കാൻ കൊലപ്പെടുത്തിയതാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഇന്നും സമൂഹമാധ്യമങ്ങളിലും മറ്റും സജീവമാണ്.
1953-ൽ ന്യൂയോർക്കിൽ ജനിച്ച എപ്‌സ്റ്റീൻ, ഗണിതശാസ്ത്ര അദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് നിക്ഷേപ ബാങ്കിംഗ് രംഗത്തേക്ക് തിരിയുകയും വൻകിട സമ്പന്നർക്കായി നിക്ഷേപം നിയന്ത്രിക്കുന്ന സ്ഥാപനം സ്വന്തമായി ആരംഭിക്കുകയും ചെയ്തു. 2005-ൽ ഫ്ലോറിഡയിലാണ് ഇദ്ദേഹത്തിനെതിരെ ആദ്യമായി ലൈംഗികാരോപണം ഉയർന്നത്. നൂറുകണക്കിന് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. 2008-ൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്കായി പ്രേരിപ്പിച്ച കേസിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങി ലോകത്തെ അതിസമ്പന്നരും പ്രമുഖരുമായ വ്യക്തികളുമായി എപ്‌സ്റ്റീൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. കരീബിയൻ കടലിലെ ലിറ്റിൽ സെന്റ് ജെയിംസ് എന്ന അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപ് “പീഡോഫൈൽ ഐലൻഡ്” എന്ന പേരിൽ കുപ്രസിദ്ധി നേടി. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ അടുത്തിടെ പുറത്തുവിട്ടത് ലോകമെങ്ങും വലിയ ചർച്ചയായിട്ടുണ്ട്. മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള ഈ രേഖകളിൽ പ്രമുഖരായ പലരുടെയും പേരുകൾ പരാമർശിക്കപ്പെടുന്നുണ്ട്.
”Epstein did not commit suicide in prison, he strangled himself” – Doctor who witnessed postmortem makes shocking revelation















