എപ്സ്റ്റീൻ – റഷ്യൻ ചാരബന്ധം? ഹണി ട്രാപ്പ് ആയിരുന്നോ എന്ന സംശയങ്ങൾ, പോളണ്ട് അന്വേഷണം പ്രഖ്യാപിച്ചു; നിഷേധിച്ച് റഷ്യ

വാർസോ: ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ റഷ്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എപ്സ്റ്റീന്റെ പെൺവാണിഭ ശൃംഖല വെറും ലൈംഗിക കുറ്റകൃത്യം മാത്രമല്ലെന്നും, അത് പടിഞ്ഞാറൻ രാജ്യങ്ങളിലെ പ്രമുഖരെ കുടുക്കാനുള്ള റഷ്യൻ ചാരസംഘടനകളുടെ ഒരു ‘ഹണി ട്രാപ്പ്’ ആയിരുന്നുവോ എന്നാണ് പോളണ്ട് പ്രധാനമായും സംശയിക്കുന്നത്.

പുതിയ രേഖകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ പേര് ആയിരത്തിലധികം തവണ പരാമർശിക്കുന്നുണ്ട്. എപ്സ്റ്റീൻ പുട്ടിന്റെ രഹസ്യ ധനകാര്യ മാനേജർ ആയിരുന്നു എന്ന് ചില എഫ്ബിഐ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. 2018-ൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്താൻ എപ്സ്റ്റീൻ വലിയ പരിശ്രമം നടത്തിയിരുന്നു. റഷ്യൻ നയതന്ത്രജ്ഞൻ വിറ്റാലി ചുർക്കിൻ വഴിയാണ് ഇദ്ദേഹം റഷ്യൻ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നത്. ട്രംപിനെക്കുറിച്ച് തനിക്കുള്ള അറിവ് ലാവ്‌റോവിന് കൈമാറാമെന്ന് എപ്സ്റ്റീൻ വാഗ്ദാനം ചെയ്തിരുന്നു.

എപ്സ്റ്റീന്റെ സഹായികൾ പോളണ്ടിലെ ക്രാക്കോവിൽ നിന്ന് പെൺകുട്ടികളെ കടത്തിയിരുന്നതായി ഇമെയിലുകളിൽ സൂചനയുണ്ട്. ഇത് പോളണ്ടിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാലാണ് ടസ്ക് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ബിസിനസുകാരുടെയും ലൈംഗിക ദൃശ്യങ്ങൾ പകർത്തി അവരെ റഷ്യ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നോ എന്നതാണ് പ്രധാന അന്വേഷണ വിഷയം. ഇന്നും അധികാരത്തിലിരിക്കുന്ന പല പാശ്ചാത്യ നേതാക്കൾക്കെതിരെയുള്ള തെളിവുകൾ റഷ്യയുടെ കൈവശം ഉണ്ടാകാമെന്ന് ടസ്ക് മുന്നറിയിപ്പ് നൽകി.
ഈ ആരോപണങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ ‘ഇടതുപക്ഷ വരേണ്യവർഗം’ ജനശ്രദ്ധ തിരിക്കാൻ വേണ്ടി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പുട്ടിന്റെ പ്രതിനിധി കിറിൽ ദിമിത്രീവ് പരിഹസിച്ചു.

More Stories from this section

family-dental
witywide