
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളവെ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകനും തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. സെലിബ്രിറ്റി സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ട വീണാ നായർക്കും ലക്ഷ്മി പ്രിയയ്ക്കും വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പിന്മാറേണ്ടി വന്നത് സ്ഥാനാർത്ഥികളെ നിശ്ചയിച്ചവരുടെ വീഴ്ചയല്ലെന്ന് അഖിൽ മാരാർ വ്യക്തമാക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടർ പട്ടികകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
അഖിൽ മാരാരുടെ വാക്കുകൾ:
“ഇത് സ്ഥാനാർത്ഥികളെ നിശ്ചയിച്ചവരുടെ കുഴപ്പമല്ല. ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് സ്വാഭാവികമായും ചോദിക്കാറുണ്ട്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പിന്റേത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്നുമുള്ള അറിവ് ഇവർക്ക് ഇല്ലാതെ പോയിക്കാണും. ആ ഒരു സാങ്കേതികമായ അറിവില്ലായ്മയാണ് ഇവിടെ സംഭവിച്ചത്.”
ട്വൻ്റി ട്വൻ്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരായ സെലിബ്രിറ്റികൾ ഇടംപിടിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ വോട്ടില്ലാത്തതിൻ്റി പേരിൽ പ്രമുഖർക്ക് മാറിനിൽക്കേണ്ടി വന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഖിൽ മാരാർ വിശദീകരണവുമായി രംഗത്തെത്തിയത്.
Error in the candidate list: Did Twenty20 make a mistake? Akhil Marar responds















