
ദാവോസ്: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന ഭീഷണികൾക്ക് ശക്തമായ മറുപടിയുമായി യൂറോപ്യൻ യൂണിയൻ. അമേരിക്കയുമായി കഴിഞ്ഞ ജൂലൈയിൽ ഒപ്പുവെച്ച സുപ്രധാന വ്യാപാര കരാർ അംഗീകരിക്കുന്നത് യൂറോപ്യൻ പാർലമെന്‍റ് താൽക്കാലികമായി മരവിപ്പിച്ചു. ബുധനാഴ്ച നടന്ന പാർലമെന്‍റ് വ്യാപാര സമിതി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ഇതോടെ ട്രംപിന്‍റെ ‘അമേരിക്ക ഫസ്റ്റ്’ നയവും ഗ്രീൻലാൻഡ് മോഹവും ട്രാൻസ്-അറ്റ്ലാന്റിക് ബന്ധങ്ങളെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
യുഎസ് വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പാണ് യൂറോപ്യൻ പാർലമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ഗ്രീൻലാൻഡ് കൈമാറാത്ത പക്ഷം യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചത്. ഒരു അംഗരാജ്യത്തിന്റെ (ഡെന്മാർക്ക്) പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നതും വ്യാപാര തീരുവകളെ ഒരു ‘ബ്ലാക്ക് മെയിലിംഗ്’ ആയുധമായി ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് പാർലമെന്‍റ് വ്യാപാര സമിതി ചെയർമാൻ ബെർണ്ട് ലാങ് പറഞ്ഞു. അമേരിക്ക സഹകരണത്തിന്‍റെ പാതയിലേക്ക് തിരിച്ചുവരുന്നത് വരെ കരാറുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
93 ബില്യൺ യൂറോയുടെ (ഏകദേശം 108 ബില്യൺ ഡോളർ) തിരിച്ചടിയാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്. ഇത് ആഗോള വിപണികളിലും വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. ആപ്പിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ യൂറോപ്പിലെ വിപണി പ്രവേശനത്തെയും ഇത് ബാധിച്ചേക്കാം.
അമേരിക്കയുടെ ഭീഷണികളെ എങ്ങനെ നേരിടണം എന്ന് ചർച്ച ചെയ്യാൻ വ്യാഴാഴ്ച (ജനുവരി 22) ബ്രസൽസിൽ യൂറോപ്യൻ നേതാക്കളുടെ അടിയന്തര ഉച്ചകോടി ചേരും. ‘ട്രേഡ് ബസൂക്ക’ എന്നറിയപ്പെടുന്ന കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ അമേരിക്കക്കെതിരെ പ്രയോഗിക്കുന്നതിനെക്കുറിച്ച് ഈ യോഗം തീരുമാനമെടുക്കും.















