ട്രംപിന്റെ നീക്കം വിജയം കാണുന്നു? ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ വൻ ശക്തികൾ ഒരുമിച്ച് സംയുക്ത പ്രസ്താവന, ഇറാന് വിമർശനം

ടോക്കിയോ: ‌ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും ചരക്കുനീക്കം തടസ്സപ്പെടുത്തുന്നതിനെയും ശക്തമായി അപലപിച്ച് യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനത്തോളം കടന്നുപോകുന്ന ഈ സുപ്രധാന പാത തടസ്സപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കി.

“നിരായുധരായ വാണിജ്യ കപ്പലുകൾക്ക് നേരെയും എണ്ണ-ഗ്യാസ് നിലയങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു. കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്നതും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതും ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ, എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഊർജ്ജ വിപണി സുസ്ഥിരമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും രാജ്യങ്ങൾ അറിയിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി യുദ്ധക്കപ്പലുകളും മൈൻസ്വീപ്പറുകളും അയക്കാൻ സഖ്യകക്ഷികളോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ അതിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കണമെന്ന ട്രംപിന്റെ കർശന നിലപാടിന് പിന്നാലെയാണ് ഇപ്പോൾ സഖ്യകക്ഷികൾ സംയുക്തമായി രംഗത്തെത്തിയിരിക്കുന്നത്. എങ്കിലും, സൈനികമായ ഇടപെടലിനെക്കുറിച്ച് വ്യക്തമായ ഉറപ്പുകളൊന്നും ഈ രാജ്യങ്ങൾ നൽകിയിട്ടില്ല. നിലവിലെ സംഘർഷം മേഖലയിലെ സമാധാനത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണെന്ന് പ്രസ്താവന അടിവരയിടുന്നു.

More Stories from this section

family-dental
witywide