അമേരിക്കയുടെ ‘ഗ്രീൻലാൻഡ് ഭീഷണി’ക്ക് മറുപടിയായി ‘ട്രേഡ് ബസൂക്ക’; ഉപരോധനീക്കവുമായി യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നികുതി പ്രഖ്യാപിച്ചതോടെ, പകരത്തിന് പകരം വീട്ടാൻ യൂറോപ്യൻ യൂണിയൻ തയ്യാറെടുക്കുന്നു. അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദത്തെ പ്രതിരോധിക്കാൻ 2023-ൽ രൂപീകരിച്ച ‘ആന്റി-കൊയേഴ്‌ഷൻ ഇൻസ്ട്രുമെന്റ്’ എന്ന അതിശക്തമായ നിയമം പ്രയോഗിക്കാനാണ് യൂറോപ്യൻ കമ്മീഷന്റെ നീക്കം. യൂറോപ്പിന്റെ വ്യാപാര താൽപ്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഈ ‘ബ്രഹ്മാസ്ത്രം’ പ്രയോഗിച്ചാൽ അമേരിക്കൻ കമ്പനികൾക്ക് യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം തടയപ്പെടുകയോ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരികയോ ചെയ്യും.

ഗ്രീൻലാൻഡ് വിട്ടുനൽകാൻ തയ്യാറാകാത്ത ഡെന്മാർക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി 1 മുതൽ 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നും ജൂൺ മാസത്തോടെ ഇത് 25 ശതമാനമായി ഉയർത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഇതിനെ സാമ്പത്തിക ബ്ലാക്ക്‌മെയിലിംഗ് എന്നാണ് യൂറോപ്യൻ നേതാക്കൾ വിശേഷിപ്പിക്കുന്നത്. എസിഐ പ്രകാരം, ഏതെങ്കിലും വിദേശ രാജ്യം യൂറോപ്യൻ യൂണിയനെയോ അതിലെ അംഗരാജ്യങ്ങളെയോ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ, ആ രാജ്യത്തു നിന്നുള്ള നിക്ഷേപങ്ങൾ തടയാനും ധനകാര്യ വിപണിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ബൗദ്ധിക സ്വത്തവകാശ സംരക്ഷണം പിൻവലിക്കാനും യൂറോപ്പിന് സാധിക്കും.

എങ്കിലും, ഈ നടപടി ഉടൻ നടപ്പിലാക്കാൻ കഴിയില്ല എന്നതാണ് പ്രധാന വെല്ലുവിളി. ആദ്യം യൂറോപ്യൻ കമ്മീഷൻ സാമ്പത്തിക സമ്മർദ്ദത്തിന്റെ വ്യാപ്തി പരിശോധിക്കണം. തുടർന്ന് ഏകദേശം 8 മുതൽ 10 ആഴ്ചകൾക്കുള്ളിൽ യൂറോപ്യൻ കൗൺസിൽ ഇത് അംഗീകരിക്കുകയും അമേരിക്കയോട് ഭീഷണി പിൻവലിക്കാൻ ആവശ്യപ്പെടുകയും വേണം. ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ ഈ ‘ട്രേഡ് ബസൂക്ക’ ഔദ്യോഗികമായി പുറത്തെടുക്കൂ. ഡെന്മാർക്ക്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ ശക്തമായി എതിർക്കുന്ന പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ ഒരു ആഗോള വ്യാപാര യുദ്ധത്തിന് ലോകം സാക്ഷ്യം വഹിച്ചേക്കാം.

Also Read

More Stories from this section

family-dental
witywide