
പാരീസ്: ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി ശക്തമായതോടെ, ഡെന്മാർക്കിന് പിന്തുണയുമായി പ്രമുഖ നാറ്റോ രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്കയുടെ ഒരു സഖ്യകക്ഷി മറ്റൊരു സഖ്യകക്ഷിയുടെ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് നാറ്റോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഗ്രീൻലാൻഡിന്‍റെ സംരക്ഷണത്തിനായി ഡെന്മാർക്ക് നടത്തുന്ന സൈനിക അഭ്യാസങ്ങളിൽ പങ്കുചേരാൻ ജർമ്മനി, ഫ്രാൻസ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ സൈനികരെ അയച്ചു കഴിഞ്ഞു. അമേരിക്കയുടെ സൈനിക നീക്കം ഉണ്ടായാൽ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്ന് ഡെന്മാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സംഘങ്ങൾ ഈ ആഴ്ച തന്നെ ഗ്രീൻലാൻഡിലെത്തും. സംയുക്ത പ്രതിരോധം ശക്തമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഗ്രീൻലാൻഡിലെ അമേരിക്കൻ സ്വാധീനം കുറയ്ക്കുന്നതിനായി കാനഡയും ഫ്രാൻസും വരും ആഴ്ചകളിൽ ഗ്രീൻലാൻഡ് തലസ്ഥാനമായ നൂക്കിൽ പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചു. സഖ്യത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ഈ പോര് ആഗോള സുരക്ഷാ ക്രമീകരണങ്ങളെ തന്നെ ബാധിക്കുമെന്ന് നിരീക്ഷകർ ഭയപ്പെടുന്നു.
ഗ്രീൻലാൻഡ് അമേരിക്കൻ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അത് സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുമെന്നുമാണ് ട്രംപിന്‍റെ പക്ഷം. ആർട്ടിക് മേഖലയിലെ മഞ്ഞുപാളികൾക്ക് മുകളിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ഈ സൈനിക നീക്കം ഒരു ലോകമഹായുദ്ധത്തിന്‍റെ ഭീതിയാണ് പടർത്തുന്നത്. അമേരിക്കൻ സൈന്യം ഗ്രീൻലാൻഡിന് നേരെ തിരിയുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.















