
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്തമായ കെന്നഡി സെന്ററിന് നേരെ അജ്ഞാതരുടെ ആക്രമണം. സെന്ററിന് പുറത്തുള്ള ഐസ് സ്കേറ്റിംഗ് റിങ്കിൽ വ്യാഴാഴ്ച അർദ്ധരാത്രിയോടെ അതിക്രമിച്ചു കയറിയ ആൾ അജ്ഞാത ദ്രാവകം ഒഴിച്ച് റിങ്ക് നശിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന കലാപ്രകടനം അധികൃതർക്ക് റദ്ദാക്കേണ്ടി വന്നു. വ്യാഴാഴ്ച രാത്രി വൈകി റിങ്കിൽ പ്രവേശിച്ച വ്യക്തി ഒരു നിഗൂഢ ദ്രാവകം ഒഴിക്കുകയായിരുന്നു. ഇത് ഐസ് റിങ്കിന് ഗുരുതരമായ കേടുപാടുകൾ വരുത്തിയതായി അധികൃതർ അറിയിച്ചു.
കെന്നഡി സെന്റർ പബ്ലിക് റിലേഷൻസ് വൈസ് പ്രസിഡന്റ് റോമ ദരാവി ഇതിനെ ആസൂത്രിതവും വിദ്വേഷം നിറഞ്ഞതുമായ ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറി. യുഎസ് പാർക്ക് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിങ്ക് നന്നാക്കി ശനിയാഴ്ചയോടെ പരിപാടികൾ പുനരാരംഭിക്കാനാണ് സെന്റർ ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കെന്നഡി സെന്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്ഥാപനത്തിന്റെ പേര് ‘ട്രംപ് കെന്നഡി സെന്റർ’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങൾ പുകയുന്നതിനിടെയാണ് ഈ സംഭവം.
ട്രംപിന്റെ ഇടപെടലിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖ കലാകാരന്മാർ സെന്ററിലെ പരിപാടികളിൽ നിന്ന് ഇതിനകം പിന്മാറിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾക്കായി ഈ വർഷം ജൂലൈ മുതൽ കെന്നഡി സെന്റർ രണ്ട് വർഷത്തേക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കലാകാരന്മാരുടെ ബഹിഷ്കരണം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറയ്ക്കാനാണ് ഈ നീക്കമെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.















