ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മാരകമായ ആക്രമണം നടത്തിയത് ഇറാനാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്നും തകർന്നുവീണത് അമേരിക്കൻ നിർമ്മിത മിസൈലാണെന്ന് വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ഇറാൻ സ്വന്തം ജനതയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന ട്രംപിന്റെ ആരോപണം പ്രതിരോധത്തിലായി.
അന്താരാഷ്ട്ര ആയുധ വിദഗ്ധരും സ്വതന്ത്ര നിരീക്ഷകരും നടത്തിയ പ്രാഥമിക പരിശോധനയിലാണ് മിസൈൽ അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. യുഎസ് സൈന്യം നിലവിൽ ഉപയോഗിച്ചുവരുന്ന മിസൈലുകളുടെ ഭാഗങ്ങളാണ് സ്കൂൾ പരിസരത്ത് നിന്ന് കണ്ടെടുത്തത്. ഇത് സംബന്ധിച്ച കൃത്യമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ സംഭവത്തിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ആക്രമണത്തിന് പിന്നിൽ ഇറാൻ ഭരണകൂടമാണെന്ന് വരുത്തിത്തീർക്കാൻ ട്രംപ് ഭരണകൂടം ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. മിസൈൽ വീണത് എവിടെ നിന്നാണെന്നും അതിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടു. 165 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യഥാർത്ഥ പ്രതി എന്ന നിലയിൽ അമേരിക്ക മറുപടി പറയേണ്ടി വരും.
Evidence debunks Trump’s claim; US missile hit Iranian school












