
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടുകളിലെ വിവരങ്ങൾ വാൾസ്ട്രീറ്റ് നിക്ഷേപകർക്ക് നേരത്തെ ലഭ്യമാക്കി കോടികൾ സമ്പാദിക്കുന്ന ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പിന്റെ നടപടി ഫെഡറൽ ക്രിമിനൽ നിയമങ്ങളുടെ ലംഘനമാണെന്ന് 53 മുൻ ഫെഡറൽ പ്രോസിക്യൂട്ടർമാരും ഏജന്റുമാരും കോടതിയെ അറിയിച്ചു. ‘ട്രൂത്ത് എ.പി.ഐ’ എന്ന സംവിധാനത്തിലൂടെ ട്രംപിന്റെ നിർണ്ണായകമായ പോസ്റ്റുകൾ തത്സമയം ലഭിക്കുന്നതിനായി വാൾസ്ട്രീറ്റ് സബ്‌സ്‌ക്രൈബർമാരിൽ നിന്ന് ഒരു ലക്ഷം ഡോളറോളമാണ് കമ്പനി ഈടാക്കുന്നത്.
ഈ പുതിയ സേവനം ഭരണഘടനാ വിരുദ്ധമാണെന്നും വിപണിയെ സ്വാധീനിക്കുന്ന വിവരങ്ങൾ പണം വാങ്ങി നേരത്തെ ചോർത്തി നൽകുന്നത് ഇൻസൈഡർ ട്രേഡിംഗ് അടക്കമുള്ള ക്രിമിനൽ നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും കാണിച്ച് ദ് ഇന്റർസെപ്റ്റ്, ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷൻ എന്നിവർ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ നൽകിയ ഹർജിയെ പിന്തുണച്ചാണ് മുൻ പ്രോസിക്യൂട്ടർമാർ കോടതിയിൽ രേഖകൾ സമർപ്പിച്ചത്. സർക്കാരിന്റെയും രാഷ്ട്രത്തലവന്റെയും പദവികൾ ദുരുപയോഗം ചെയ്ത് അഴിമതി നടത്തുന്നതിന് സമമാണിതെന്നും ഇതിൽ പങ്കാളികളാകുന്നവർ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ഒരു രാജ്യത്തിനെതിരെ താരിഫ് ഏർപ്പെടുത്തുന്നതു പോലുള്ള നിർണ്ണായക സാമ്പത്തിക തീരുമാനങ്ങൾ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന് തൊട്ടുമുമ്പ്, അത് പണം നൽകുന്ന വൻകിട നിക്ഷേപകർക്ക് മുൻകൂട്ടി ലഭിക്കുകയും അതിലൂടെ അവർ വൻ തുക സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്നത് വിപണിയിൽ വൻ ക്രമക്കേടുകൾക്ക് വഴിവെക്കും. ട്രംപിനും അദ്ദേഹത്തിന്റെ സഹായികൾക്കുമെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഹർജിയിൽ വരും ദിവസങ്ങളിൽ കോടതി എടുക്കുന്ന നിലപാട് ട്രംപ് ഭരണകൂടത്തിന് ഏറെ നിർണ്ണായകമാകും.















