ന്യൂയോർക്കിലെ ബൂൺവില്ലിലുള്ള പള്ളിയിൽ സ്ഫോടനം; പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്, പൊട്ടിത്തെറിക്ക് കാരണം വാതക ചോർച്ച?

ന്യൂയോർക്ക്: ന്യൂയോർക്കിലെ ബൂൺവില്ലിലുള്ള അബൻഡൻ്റ് ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരുക്ക്. പള്ളിയിലെ പാസ്റ്റർ ബ്രാൻഡൻ പിറ്റ്‌സ്, നാല് പേർ അഗ്നിശമന സേനാംഗങ്ങൾ എന്നിവർക്കാണ് പരുക്കേറ്റത്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പള്ളി ചൂടാക്കാൻ ഉപയോഗിച്ചിരുന്ന പ്രൊപ്പെയ്ൻ സിലിണ്ടറുകളിൽ നിന്നാകാം വാതക ചോർച്ച ഉണ്ടായതെന്ന് അധികൃതർ കരുതുന്നു. പള്ളിയുടെ ബേസ്‌മെന്റിലുണ്ടായിരുന്ന ഫർണസ് പ്രവർത്തിച്ചപ്പോൾ വാതകത്തിലേക്ക് തീ പടരുകയും സ്ഫോടനം സംഭവിക്കുകയുമായിരുന്നു.

സ്ഫോടനത്തിന് തൊട്ടുമുമ്പ് പള്ളിക്കുള്ളിൽ ശക്തമായ വാതക ഗന്ധം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികളും സംഭവസ്ഥലത്തുണ്ടായിരുന്നവരും മൊഴി നൽകിയിട്ടുണ്ട്. വാതകത്തിൻ്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സ്ഫോടനത്തിൽ പള്ളി പൂർണ്ണമായും തകർന്നു. സമീപപ്രദേശങ്ങളിൽ കനത്ത പുകയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

Explosion at New York church injures five

More Stories from this section

family-dental
witywide